ഒരുമയുടെ സന്ദേശം വിളിച്ചോതി ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താർ സംഗമം
കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കോഴിക്കോട്: ഒരുമയുടെ സന്ദേശം വിളിച്ചോതി ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താർ സംഗമം. കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കോവിഡ് കാലം കവർന്നെടുത്ത കൂടിച്ചേരലിന്‍റെ നല്ല സമയം തിരികെ വരുന്നതിന്‍റെ സന്തോഷമായിരുന്നു ഇഫ്താർ സംഗമത്തില്‍ പങ്കെടുത്തവരുടെ വാക്കുകളിലും മുഖത്തും. കാലുഷ്യത്തിന് ശ്രമം നടക്കുന്ന സമകാലിക സാഹചര്യത്തില്‍ ഒരുമിച്ചിരിക്കുന്നതിനെ കുറിച്ചാണ്, റമദാന്‍ സന്ദേശം നല്‍കിയ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞത്.
മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവില്‍, എംപിമാരായ അബ്ദുസമദ് സമദാനി, എം കെ രാഘവന്‍, എംഎല്‍എമാരായ പി കെ കുഞ്ഞാലിക്കുട്ടി, പിടിഎ റഹീം, മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ടി പി അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂർ, കെ. സജ്ജാദ്, ഡോ. ഖാസിമുൽ ഖാസിമി തുടങ്ങി മത സംഘടനാ പ്രതിനിധികളും കല്‍പ്പറ്റ നാരായണന്‍, കെ പി രാമനുണ്ണി തുടങ്ങിയ സാംസ്കാരിക നേതാക്കളും ആശംസകള്‍ പങ്കുവെച്ചു. സിനിമാ മാധ്യമ മേഖലയിലെ പ്രമുഖരടക്കം ഇഫ്താർ സംഗമത്തില്‍ സംബന്ധിച്ചു. ജമാഅത്തെ ഇസ്‍ലാമി ജനറല്‍ സെക്രട്ടറി വി ടി അബ്ലുല്ലക്കോയ തങ്ങള്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്‍റ് അമീർ പി മുജീബ് റഹ്മാന്‍ സമാപനം നിർവഹിച്ചു. ഇഫ്താറില്‍ പങ്കെടുത്തും വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് നേതാക്കള്‍ മടങ്ങിയത്.