'അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം, തട്ടിക്കൊണ്ടുപോയവരെ ശിക്ഷിക്കണം'; കുഞ്ഞനിയത്തിയുടെ വരവ് കാത്ത് ജൊനാഥൻ

അബിഗേലിനെ കാണാതായതുമുതൽ തളർന്നുപോയ അമ്മയെ ആശ്വസിപ്പിച്ച് കൂടെത്തന്നെയുണ്ടായിരുന്നു ജൊനാഥൻ

Update: 2023-11-28 10:09 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: ജൊനാഥന്റെ കൈയിൽ നിന്നാണ് കുഞ്ഞനിയത്തി അബിഗേലിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അവരെ തടയാൻ ശ്രമിച്ചെങ്കിലും ജൊനാഥനെ തള്ളിമാറ്റി കാറിൽ അബിഗേലിനെയും കൊണ്ട് അവർ കടന്നുകളയുകയായിരുന്നു. അവൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കുഞ്ഞിനെ കാണാതായതുമുതൽ തളർന്നുപോയ അമ്മയെ ആശ്വസിപ്പിച്ച് കൂടെത്തന്നെയുണ്ടായിരുന്നു ജൊനാഥൻ. 21 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും തിരച്ചിലുകൾക്കുമൊടുവിൽ അബിഗേലിനെ കണ്ടെത്തിയ വാർത്ത പുറത്ത് വന്നപ്പോൾ ജൊനാഥനും ഏറെ സന്തോഷത്തിലാണ് . അവന്റെ കുഞ്ഞനിയത്തിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരിച്ചു കിട്ടിയിരിക്കുന്നു.

അബിഗേൽ വീട്ടിലെത്തിയാൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് സ്വീകരിക്കുമെന്ന് ജൊനാഥൻ മീഡിയവണിനോട് പറഞ്ഞു. കാണാതായത് മുതൽ പേടിച്ചുപോയി. അവരെ ശിക്ഷിക്കണം,അവളെ കണ്ടുപിടിക്കാൻ ശ്രമിച്ച എല്ലാവർക്കും നന്ദി...'ജൊനാഥൻ പറഞ്ഞു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് കാറിലെത്തിയ അജ്ഞാത സംഘം അബിഗേലിനെ തട്ടിക്കൊണ്ടു പോയത്..സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. 

അതിനിടയിൽ കുട്ടിയെ വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോളും വന്നിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു. പാരിപ്പള്ളിയിലെ ഒരു ചായക്കടയിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ പ്രതികളിലൊരാളുടെ രേഖാചിത്രവും തയ്യാറാക്കിയിരുന്നു.ഇതോടെ അന്വേഷണം സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് വ്യാപകമാക്കി. നീണ്ട 21മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെ കണ്ടെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News