താത്പര്യം സംസ്ഥാന രാഷ്ട്രീയം; ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചേക്കില്ല
ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ അദ്ദേഹം മത്സരിച്ചേക്കില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് ജോസ് കെ മാണിയുടെ തീരുമാനം. സ്റ്റീഫൻ ജോർജിനെ രാജ്യസഭയിലേക്ക് അയക്കാനാണ് കേരള കോണ്ഗ്രസ് എം ആലോചിക്കുന്നത്.
പാലാ തോൽവിക്ക് ശേഷം രാജ്യസഭയിലേക് ജോസ് കെ മാണി പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജോസ് കെ മാണി രാജി വെച്ച സീറ്റ് , ജോസ് കെ മണിക്ക് തന്നെ നൽകാനുള്ള താത്പര്യം എൽ.ഡി.എഫും പ്രകടിപ്പിച്ചു. എന്നാൽ പാർട്ടിയെ ശക്തി പെടുത്താനും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാനുമാണ് ജോസ് കെ മാണി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചാലും ജോസ് കെ മാണി മത്സരിക്കില്ല.
ജോസ് കെ മാണി മാറി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ പ്രധാന നേതാവായ സ്റ്റീഫൻ ജോർജിന് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും. ഇത് സംബന്ധിച്ച് പാർട്ടിയിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. തുടർന്ന് എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എം സീറ്റ് ആവശ്യം ഉന്നയിക്കും.അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത ചില നേതാക്കൾ രാജ്യസഭാ സീറ്റിനായി നീക്കം ആരംഭിച്ചിട്ടുണ്ട്. ജോസ് കെ മാണി രാജ്യസഭ സീറ്റ് ഏറ്റെടുക്കില്ല എന്നറിഞ്ഞതിനെ തുടർന്നാണ് ഈ നീക്കം.
നിലവിൽ പാലാ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ജോസ് കെ മാണി നടത്തുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചുകഴിഞ്ഞു. രാജ്യ സഭയിലേക്ക് പോയാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയാകും എന്നും ജോസ് കെ മാണി കരുതുന്നുണ്ട്.