പാലക്കാട്ട് രാഹുലിന്റെ പ്രചാരണവേദിയിൽ മുരളീധരൻ; പരസ്പരം ഷാൾ അണിയിച്ച് സ്വീകരിച്ചു

വോട്ട് ചോദിക്കുന്നത് യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണെന്നും വ്യക്തിക്ക് വേണ്ടിയല്ലെന്നും പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു

Update: 2024-11-10 16:19 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: ഏറെ വിവാദങ്ങൾക്കൊടുവിൽ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാട് മേപറമ്പിൽ നടന്ന പ്രചാരണയോഗത്തിലാണ് മുരളീധരൻ പങ്കെടുത്ത് സംസാരിച്ചത്. മുരളിയുടെ പ്രസംഗത്തിനിടെ വേദിയിലെത്തിയ രാഹുൽ ഷാൾ അണിയിച്ചാണ് സന്തോഷം അറിയിച്ചത്. മുരളീധരൻ തിരിച്ചും രാഹുലിനെ ഷാൾ അണിയിച്ചു.

വോട്ട് ചോദിക്കുന്നത് യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണെന്നും വ്യക്തിക്ക് വേണ്ടിയല്ലെന്നും പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു. എഐസിസി പ്രഖ്യാപിച്ചാൽ പിന്നെ ആർക്കും മറ്റൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളിധരൻ വരുമോ എന്ന് ചോദിച്ചുവർക്കുള്ള മറുപടിയാണിതെന്ന് വേദിയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.

തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമാണെന്നും മുരളീധരൻ പറഞ്ഞു. പാലക്കാട്ട് യുഡിഎഫ് വിജയം ഉറപ്പാണ്. ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണു മത്സരം നടക്കുന്നത്. ഇവിടെ മത്സരം എൽഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാർഥികൾക്കെതിരെയാണു മത്സരം നടക്കുന്നത്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് വേണ്ട, നോട്ട് മതി. ബിജെപി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്കു വരേണ്ട ആവശ്യമില്ല. ഇവിടെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ ഒരു സർക്കാർ ഉണ്ടോ? വർഗീയത മാത്രം പ്രസംഗിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂരം കലക്കിയതുതന്നെ അല്ലേ. പിണറായി വിജയൻ ബിജെപിക്കൊരു എംപിയെ ഉണ്ടാക്കിക്കൊടുത്തു. പച്ചക്ക് വർഗീയത പറഞ്ഞ ഉദ്യോഗസ്ഥനെ പുറത്താക്കുന്നില്ലെന്നും കെ. ഗോപാലകൃഷ്ണൻ ഐഎസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം സൂചിപ്പിച്ച് മുരളി പറഞ്ഞു. മൂന്ന് സിവിൽ സർവീസുകാരാണ് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്നത്. കെ. ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

പിണറായി ഭരണം തുടങ്ങിയത് മുതൽ കേരളത്തിന് ദുരിതമാണെന്നും മുരളീധരൻ പറഞ്ഞു. പ്രകൃതി പോലും ക്ഷോഭിക്കുന്നു. എരണം കെട്ടവൻ ഭരിച്ചാൽ നാടു മുടിയും. പിണറായി ഭരണനേട്ടം പറഞ്ഞ് വോട്ടുപിടിക്കുന്നത് കേട്ട് ഇന്ത്യയിലെ എല്ലാ കണ്ടാമൃഗങ്ങളും വിഷമത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.

Summary: Senior Congress leader K Muraleedharan campaigns for Palakkad UDF candidate Rahul Mamkootathil

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News