'എൻ്റെ പുസ്തകം ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല': വാർത്തകൾ നിഷേധിച്ച് ഇ.പി ജയരാജൻ
'ഇന്ന് വന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല'
കണ്ണൂർ: തൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ. പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി പറഞ്ഞു.
'ഞാൻ എഴുതിയിടത്തോളമുള്ള കാര്യങ്ങൾ പ്രിൻ്റ് ചെയ്യാൻ ആരെയും ഏൽപ്പിച്ചിട്ടില്ല. ഇന്ന് വന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഞാൻ എഴുതാത്ത കാര്യങ്ങൾ എഴുതി അത് പ്രസിദ്ധീകരിക്കുമെന്ന വാർത്തയാണ് ഞാൻ കാണുന്നത്.'- ഇ.പി കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ബോധപൂർവം മെനഞ്ഞെടുത്തതാണിത്. ശക്തമായ നിയമനടപടി സ്വീകരിക്കും. എൻ്റെ പുസ്തകം താമസിക്കാതെ തന്നെ ഞാൻ പ്രസിദ്ധീകരിക്കും. മാതൃഭൂമി, ഡിസി ബുക്സ് എന്നിവർ പ്രസിദ്ധീകരിക്കാൻ ചോദിച്ചിരുന്നു. ആലോചിച്ച് പറയാം എന്നായിരുന്നു എൻ്റെ മറുപടി.'
'പുസ്തകത്തിൻ്റെ പുറംചട്ട ഇന്ന് ആദ്യമായാണ് കാണുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഡിസി ബുക്സിന് ഒരു കരാറും ഏൽപ്പിച്ചിട്ടില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.