കെ റെയിൽ ബദൽ സംവാദത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് കെ റെയിൽ പ്രതിരോധ സമിതി

കെ റെയിൽ അതോറിറ്റി നടത്തിയ സംവാദത്തിൽ പങ്കെടുക്കാത്ത ആർ.ശ്രീധർ,അലോക് വർമ്മ, ജോസഫ് സി മാത്യു എന്നിവരെ ബദൽ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്

Update: 2022-04-28 13:46 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: കെ റെയിൽ ബദൽ സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച് കെ റെയിൽ പ്രതിരോധ സമിതി. മെയ് 4 നാണ് സംവാദം നടക്കുക. കെ റെയിൽ അതോറിറ്റി നടത്തിയ സംവാദത്തിൽ പങ്കെടുക്കാത്ത ആർ.ശ്രീധർ,അലോക് വർമ്മ, ജോസഫ് സി മാത്യു എന്നിവരെ ബദൽ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരെല്ലാം പങ്കെടുക്കാമെന്ന ഉറപ്പ് നൽകിയിരുന്നു. ഈ പാനലിലേക്കാണ് ഇപ്പോൾ മുഖ്യമന്ത്രിയെയും ക്ഷണിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ക്ഷണക്കത്ത് നൽകിയിരിക്കുന്നത്. ജനാധിപത്യപരമായി വിവിധ വശങ്ങൾ കേൾക്കാനുള്ള ഒരു വേദിയാണ് ഒരുക്കുന്നതെന്നും അതിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്നുമാണ് കത്തിലുള്ളത്. കെ റെയിൽ പ്രതിരോധ സമിതിയുടെ അധ്യക്ഷൻ എം.അരവിന്ദാക്ഷനാണ് കത്ത് നൽകിയിരിക്കുന്നത്.

അതേസമയം, കെ റെയിൽ അതോറിറ്റി സംഘടിപ്പിച്ച സംവാദം തിരുവനന്തപുരത്ത് നടന്നു. പദ്ധതിയെ അനുകൂലിച്ച് സുബോധ് കുമാർ ജെയിൻ, രഘുചന്ദ്രൻ നായർ, ഡോ. കുഞ്ചറിയ പി ഐസക് എന്നിവരാണ് സംസാരിച്ചത്. പദ്ധതിയെ എതിർത്ത് ആർ.വി.ജി മേനോൻ മാത്രമാണ് പങ്കെടുത്തത്. സംവാദത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അലോക് കുമാർ വർമ, ജോസഫ് സി മാത്യു എന്നിവർക്ക് പകരം മറ്റാരെയും പങ്കെടുപ്പിച്ചില്ല.

കേരളത്തിന്റെ ഗതാഗത രംഗത്ത് വൻ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് കുഞ്ചറിയ പി ഐസക് പറഞ്ഞു. റോഡ് ഗതാഗതം പരിതാപകരമാണ്. നാഷണൽ ഹൈവെയിൽ ഉൾപ്പെടെ 30/40 കിലോമീറ്റർ വേഗം മാത്രമാണുള്ളത്. രാജ്യത്ത് എക്‌സ്പ്രസ് ഹൈവേ വരുമ്പോൾ തന്നെ കേരളവും അതിനെപ്പറ്റി ആലോചിച്ചിരുന്നു. കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം ഉയർന്നതോടെ നടന്നില്ല. കെ റെയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ വളർച്ചക്ക് ഗുണം ചെയ്യും. ഇടുക്കി ഡാം ഉണ്ടാക്കാം എങ്കിൽ, കെ റെയിലും സാധ്യമാണെന്ന് കുഞ്ചറിയ പി ഐസക് പറഞ്ഞു.

വികസന പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഭൂമിയുടെ ലഭ്യത കുറവാണെന്ന് രഘുചന്ദ്രൻ നായർ പറഞ്ഞു. കേരളത്തിൻറെ ഭൂപ്രകൃതി അങ്ങനെയാണ്. എന്നാൽ വാഹന സാന്ദ്രത വളരെ കൂടുതലാണ്. 2019ലെ കണക്ക് അനുസരിച്ച് 1000 പേർക്ക് 425 വാഹനങ്ങളുണ്ട്. വിദേശ രാജ്യങ്ങളേക്കാൾ കൂടുതലാണിത്. വികസനത്തിനകത്ത് രാഷ്ട്രീയം കലക്കരുത്. വികസന പദ്ധതികളെ എതിർക്കരുത്. 25 വർഷം കഴിഞ്ഞാൽ തിരിച്ചുവരും. ഹൈവേയെ എതിർത്തു, തിരിച്ചുവന്നു. കംപ്യൂട്ടറിനെ എതിർത്തു, തിരിച്ചുവന്നു. മലയാളികൾ വിലപ്പെട്ട സമയം റോഡിൽ ചെലവാക്കേണ്ടി വരുന്നു. ഇന്ധനത്തിന്റെ വില ദിവസവും കൂടുകയാണെന്നും രഘുചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.

ഏത് പദ്ധതി വന്നാലും കേരളത്തിൽ എതിർക്കപ്പെടുകയാണെന്ന് രഘുചന്ദ്രൻ നായർ പറഞ്ഞു. സർക്കാരിനെ ജനങ്ങൾ അവിശ്വസിക്കുന്നു. ഇതിന് മാറ്റം ഉണ്ടാകണം. കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന ചിന്തയുണ്ട്. വിഴിഞ്ഞം പദ്ധതിയെയും സിയാലിനെയും എതിർത്തു. ഇന്ന് ഈ പദ്ധതികൾ കേരളത്തിന് ഗുണം ചെയ്യുന്നു. കേരളത്തിൽ നിന്ന് യുവാക്കൾ പുറത്ത് പോയി ജോലി ചെയ്യുന്നു. റോഡ് അപകടങ്ങളിൽ ദിനംപ്രതി മരണം കൂടുന്നു. പുലർച്ചെയുള്ള റോഡ് യാത്ര ദുഷ്‌കരം. അപകട സാധ്യത കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ റെയിൽവേ സംവിധാനത്തിന്റെ സ്ഥിതി എന്താണ്? പാസഞ്ചർ, ഗുഡ്‌സ്, എക്‌സ്പ്രസ് ട്രെയിനുകളെല്ലാം ഒരു ട്രാക്കിലൂടെയാണ് ഓടുന്നത്. അഞ്ച് വർഷം കൊണ്ട് സിൽവർ ലൈൻ വരുമെന്ന് പറയുന്നു. കാസർകോട് നിന്ന് ചരക്ക് കയറ്റിയ ഒരു ട്രക്ക് ആറു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും. കേരളത്തിന്റെ സമ്പദ്‌രംഗം മെച്ചപ്പെടും. ടൂറിസം മെച്ചപ്പെടുമെന്നും രഘുചന്ദ്രൻ നായർ പറഞ്ഞു. കെ റെയിൽ പദ്ധതിയെ അനുകൂലിച്ചെങ്കിലും സർവേ രീതിക്കെതിരെ അദ്ദേഹം പ്രതികരിച്ചു. സർവേ നടക്കുമ്പോൾ ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കണം. അടുക്കളയിൽ കയറി കല്ല് ഇടേണ്ട കാര്യമില്ല. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രോഡ്‌ഗേജിൽ ഹൈ സ്പീഡ് വേഗത പ്രായോഗികമല്ലെന്ന് സുബോധ് കുമാർ ജയിൻ വിശദീകരിച്ചു. വേഗതയുള്ള സർവീസിനായി പ്രത്യേക പാത വേണമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കൽ ഇത്രയും കാലമായിട്ടും എന്തുകൊണ്ടാണ് നടക്കാഞ്ഞത്? അതിന് ആവശ്യമായ സാമഗ്രികൾ കിട്ടാത്തതാണ് കാരണം. ഏത് സാങ്കേതിക വിദ്യ വേണമെന്ന് ധനകാര്യ സ്ഥാപനങ്ങൾ മാനദണ്ഡമായി വെക്കാറില്ല. പ്രത്യേക നിബന്ധനകൾ ഇല്ലാതെ പണം വായ്പ കിട്ടുമെങ്കിൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ല. ഗേജ് ഏതായാലും പദ്ധതിയുടെ ചെലവിൽ വലിയ മാറ്റമുണ്ടാകില്ലെന്നും സുബോധ് കുമാർ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണിത്. അതിനുള്ള സംവിധാനം നമുക്കുണ്ട്. യാത്രക്കാർ കെ റെയിലിൽ എത്താൻ സമയം എടുക്കും. ഏത് പദ്ധതി ആദ്യം തുടങ്ങിയാലും അതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. മുടക്കിയ പണം പെട്ടെന്ന് തിരികെ കിട്ടില്ലെന്നും സുബോധ് കുമാർ പറഞ്ഞു.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News