'ആശയം നല്ലത്, പക്ഷെ ജനങ്ങളെ ഒപ്പംനിർത്തണം'; കെ-റെയിലില്‍ സര്‍ക്കാരിനോട് ഹൈക്കോടതി
പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കണമെന്നും സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി
കൊച്ചി: ഒരിടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയായി കെ- റെയില്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പദ്ധതി നല്ല ആശയമാണെന്നും എന്നാല്‍ ജനങ്ങളെ ഒപ്പംനിര്‍ത്തി ഭരണഘടനാനുസൃതമായി വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനെന്നും കോടതി നിര്‍ദേശിച്ചു. കെ- റെയിൽ സാമൂഹികാഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
കോടതി ആരുടേയും ശത്രുവല്ലെന്നോര്‍മിപ്പിച്ചാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ ഹരജികളില്‍ വാദം കേട്ടത്. പദ്ധതി നിര്‍ത്തലാക്കണമെന്നല്ല കോടതി പറയുന്നതെന്നും ചൂണ്ടിക്കാട്ടി. അതേസമയം, സാമൂഹികാഘാത പഠനം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വലിയ കല്ലുകള്‍ ഉപയോഗിക്കുന്നില്ലെന്നും ജിയോടാഗ് വഴിയാണ് പഠനമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോടതി ഇത് നേരത്തെ തന്നെ പറഞ്ഞതാണെന്നും വിശ്വാസത്തിലെടുത്താല്‍ പ്രശ്നമുണ്ടാകില്ലായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിട്ടുള്ളത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു ഫയല്‍ ചെയ്ത അധികവിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ കാലാവധി നീട്ടുന്നതിൽ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പഠനത്തിന്റെ സമയപരിധി അവസാനിച്ചതായി കാട്ടി റവന്യു സെക്രട്ടറി കലക്ടര്‍മാര്‍ക്ക് കത്തയച്ചു. സര്‍വേ പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും ആറ് മാസം സമയം വേണമെന്നാണ് ഏജന്‍സികളുടെ നിലപാട്. പുതിയ വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് കെ- റെയില്‍ വിശദീകരിക്കുന്നുണ്ടെങ്കിലും റവന്യു വകുപ്പ് പ്രതികരിച്ചിട്ടില്ല.
അതേസമയം, കെ- റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകേണ്ടിവരുമെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ പ്രതികരണം. അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.