സി.പി.എമ്മും ബി.ജെ.പിയും കൊല്ലാനും കൊല്ലിക്കാനും പരിശീലനം നൽകുന്ന പാർട്ടികൾ: കെ സുധാകരന്‍
കൊടുത്താൽ കിട്ടും, കിട്ടിയാൽ കൊടുക്കുമെന്നതാണ് ഇരു പാർട്ടികളുടെയും നയം
കൊല്ലാനും കൊല്ലിക്കാനും പരിശീലനം നൽകുന്ന പാർട്ടികളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. സമാധാനത്തിന്‍റെ പ്രവാചകരാകാൻ സി.പി.എം ശ്രമിക്കുകയാണ്. കൊടുത്താൽ കിട്ടും, കിട്ടിയാൽ കൊടുക്കുമെന്നതാണ് ഇരു പാർട്ടികളുടെയും നയം. സർക്കാരിന്‍റെ പൊലീസ് നയം തെറ്റാണ്. പൊലീസ് സംവിധാനം ദുർബലമായെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസ് കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം വടിവാൾ ഉപയോഗിച്ച് ഹരിദാസിനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഇരുപത്തിയഞ്ചോളം വെട്ടുകൾ ഹരിദാസിന്റെ ശരീരത്തിലുണ്ട്. അറ്റുപോയ ഇടതു കാൽ സംഭവ സ്ഥലത്തിന് 100 മീറ്റർ അകലെ നിന്നാണ് കണ്ടെടുത്തത്. അക്രമം തടയാൻ ശ്രമിച്ച സഹോദരൻ സുരേന്ദ്രനും പരിക്കേറ്റു. ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സി.പി.എം - ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സൂചന.
പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. കൊലപാതകം നടത്തി സി.പി.എമ്മിനെ വിറപ്പിക്കാമെന്ന് ആർ.എസ്.എസ് കരുതേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ആർ.എസ്.എസ് എല്ലാ ജില്ലകളിലും പരിശീലന പരിപാടി നടത്തി. ആ പരിശീലനത്തിൽ പങ്കെടുത്തവരാണ് തലശേരി കൊലപാതകത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഹരിദാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ഹരിദാസിന്റെ കൊലപാതകത്തെ പൈശാചികമെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വിശേഷിപ്പിച്ചത്. ആര്‍.എസ്.എസ് സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി.