കൊലപാതകം എന്‍റെ തലയ്ക്കിടാന്‍ നോക്കേണ്ട, കൊലക്കത്തി രാഷ്ട്രീയത്തിന്‍റെ കിരീടം ചേരുക കോടിയേരിക്കും പിണറായിക്കും: കെ സുധാകരന്‍
കെ സുധാകരന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുധാകരന്‍റെ വാഹനത്തെ പൊലീസ് അനുഗമിക്കും
കൊലപാതക രാഷ്ട്രീയം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്‍റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്‍റെ തലയിൽ വെയ്ക്കാൻ നോക്കേണ്ട. കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ ആശങ്കയുമില്ല. ഈ തീപ്പന്തം കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
കേരളത്തിലെ കലാലയങ്ങൾ അക്രമത്തിന്‍റെ വിളനിലമാക്കിയത് എസ്.എഫ്.ഐയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. മുഴുവൻ കോളജുകളിലെയും ഹോസ്റ്റലുകൾ ഗുണ്ടാ ഓഫീസുകളാക്കി. കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സി.പി.എമ്മാണ്. കൊലപാതകത്തെ അപലപിക്കുന്നു. എസ്.എഫ്.ഐ കലാലയങ്ങളിൽ നടത്തിയ ആക്രമങ്ങൾക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താൻ പറ്റുമോ? കൊലപാതകത്തെ കുറിച്ച് പാർട്ടി അന്വേഷിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം പ്രകോപനം അഴിച്ചുവിടാൻ കെ.എസ്.യു - യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നുവന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ എ റഹിം പറഞ്ഞു. കൊലക്കത്തിയില്ലാതെ കെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാൻ കഴിയുമോ എന്നാണ് സുധാകരൻ ശ്രമിക്കുന്നത്. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരന്‍റെ കൊച്ചുമകന്‍റെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരൻ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ എ റഹിം ആവശ്യപ്പെട്ടു.
കെ സുധാകരന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുധാകരന്‍റെ വാഹനത്തെ പൊലീസ് അനുഗമിക്കും. നഗരത്തിലും സി.പി.എം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ ഡി.സി.സി ഓഫീസിനു സമീപം ഒരു ബസ് പൊലീസ് സംഘത്തെ നിയോഗിച്ചു.