കോൺഗ്രസ് ദുർബലപ്പെടുമ്പോഴെല്ലാം പാർട്ടിക്ക് പുതുജീവൻ നൽകിയ ചരിത്രമാണ് കെ.എസ്.യു വിനുള്ളത്: കെ സുധാകരൻ
കെ.എസ്.യുവിന്റെ 64ആം സ്ഥാപക ദിനവുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ ഫേസ്ബുക് കുറിപ്പ്
എന്നൊക്കെ കോൺഗ്രസ് ദുർബലപ്പെട്ടോ അപ്പോഴെല്ലാം പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെ.എസ്.യുവിനുള്ളതെന്ന് കെ. സുധാകരൻ എം.പി. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്റെ കൊടിയുടെ നിറം നോക്കാതെ പോരാടിയ സംഘടനയാണ് കെ.എസ്.യുവെന്ന് പറഞ്ഞ സുധാകരൻ ഒരണ സമരം മുതൽ സാശ്രയ, പി.എസ്.സി സമരങ്ങൾ വരെ ഓർമ്മപ്പെടുത്തി.
കെ.എസ്.യുവിന്റെ 64ആം സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം. കഴിഞ്ഞ കാലയളവിൽ ക്യാമ്പസുകളിൽ കെ.എസ്.യുവിന് തളർച്ച സംഭവിച്ചെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിൽ അനിഷേധ്യമായ പങ്കാണ് കെ.എസ്. യുവിന് ഉള്ളതെന്നും സുധാകരൻ പറഞ്ഞു.
കെ സുധാകരന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ അറുപത്തിനാലാമത് വാർഷികത്തിൽ ദീപശിഖാങ്കിത നീല പതാകയേന്തുന്ന എല്ലാ പോരാളികൾക്കും അഭിവാദ്യങ്ങൾ. എന്നൊക്കെ കോൺഗ്രസ് ദുർബലപ്പെട്ടോ അപ്പോഴെല്ലാം പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ മുൻ ചരിത്രമാണ് കെ.എസ്.യു വിനുള്ളത്. ആ ചരിത്രം ഇനിയും ആവർത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു . ഇത്തരം സമര പോരാട്ടങ്ങൾ തന്നെയാണ് കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലെ ഓരോ സമര പോരാളികളെയും ആവേശഭരിതരാക്കുന്നത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്റെ കൊടിയുടെ നിറം നോക്കാതെ പോരാടി അവകാശങ്ങൾ നേടിയെടുത്ത പ്രസ്ഥാനം. ഒരണ സമരം മുതൽ സാശ്രയ, പിഎസ്‌സി സമരങ്ങൾ വരെ എത്തി നിൽക്കുന്ന സമരപോരാട്ടങ്ങളുടെ പ്രസ്ഥാനം, അനേകം പോരാളികളെ മാതൃ പ്രസ്ഥാനത്തിന് സമ്മാനിച്ച പ്രസ്ഥാനം. ഈ കഴിഞ്ഞ കാലങ്ങളിൽ പല കാരണങ്ങളാൽ ക്യാമ്പസുകളിൽ തളർച്ച സംഭവിച്ചെങ്കിലും കേരള വിദ്യാർത്ഥി യൂണിയന് കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിൽ അനിഷേധ്യമായ പങ്കാണ് ഉള്ളത്. കെഎസ്‌യു സമര ഭടന്മാരുടെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങും തണലുമായി കൂടെ ഉണ്ടാകും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു