സൈബർ കടന്നലുകളെ പോറ്റിവളർത്തുന്നത് പിണറായി വിജയൻ: കെ സുധാകരൻ

'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യം എഴുതിക്കൊടുത്ത ഏജൻസികൾ വരെ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകുമെന്ന് കെ സുധാകരൻ പറഞ്ഞു

Update: 2023-10-09 14:06 GMT
Advertising

സൈബറിടത്ത് കൊലവിളിയും വ്യക്തിഹത്യയും നടത്തുന്ന സി.പി.എം സൈബർ സേനയുടെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് സി.പി.എമ്മിനെതിരേ കോൺഗ്രസ് പ്രചാരണം നടത്തുന്നുവെന്ന് ആരോപിക്കുന്നത് തികച്ചും ബാലിശമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും മൃഗീയമായ സൈബർ ആക്രമണത്തിലൂടെ അരിഞ്ഞുവീഴ്ത്താൻ കടന്നലുകൾ എന്നു വിളിക്കുന്ന സൈബർ ക്രിമിനലുകളെ പോറ്റിവളർത്തുന്ന ആളാണ് ഇപ്പോൾ വിലപിക്കുന്നത്.

ജനങ്ങളുടെ പണം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ സോഷ്യൽ മീഡിയയിൽക്കൂടി മാത്രം കള്ളപ്രചാരണം നടത്താൻ 12 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പ്രതിമാസം ലക്ഷക്കണക്കിനു രൂപ ശമ്പളം നല്കുന്നത് ആരുടെയും വീട്ടിൽ നിന്നെടുത്തല്ല. ടീം ലീഡർ, കണ്ടന്റ് മാനേജർ, സീനിയർ വെബ് അഡ്മിനിസ്ട്രറ്റർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ തുടങ്ങിയവരെല്ലാം കനത്ത ശമ്പളം പറ്റുന്നവരാണ്. സി.പി.എമ്മിന്റെ സൈബർ ഗുണ്ടകൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ ഈ ഫാക്ടറിയാണ് നിർമിക്കുന്നത്.

ഐ.എ.എസുകാരുടെ അത്രയും ശമ്പളം പറ്റുന്ന രണ്ട് പ്രസ് സെക്രട്ടറിമാർ, അവരുടെ സഹായികൾ തുടങ്ങി മറ്റൊരു സംഘവും മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇവരെല്ലാവരും തന്നെ പാർട്ടി പ്രവർത്തകരാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സിഡിറ്റിൽനിന്നും പി.ആർ.ഡിയിൽനിന്നും വിരലിലെണ്ണാവുന്നവരെ ഡെപ്യൂട്ടേഷനിൽ എടുത്ത് നിർവഹിച്ചിരുന്ന ജോലികളാണ് ഇവർ ചെയ്യുന്നത്. ഇവരുടെയും പ്രധാന പരിപാടി വ്യാജപ്രചാരണവും വ്യാജനിർമിതികളുമാണ്. എ.കെ.ജി സെന്ററിലും മറ്റൊരു സംഘം പ്രവർത്തിക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെയാണ് കോടികൾ ചെലവഴിച്ച് സ്വകാര്യ ഏജൻസിയെ നിയോഗിച്ച് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യം ഈ ഏജൻസിയാണ് ഉയർത്തിയത്. അത് എഴുതിക്കൊടുത്ത ഏജൻസികൾ വരെ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറുമായി മുഖ്യമന്ത്രി പല തവണ നടത്തിയ ചർച്ച എന്തിനുവേണ്ടിയായിരുന്നു?.

യു.ഡി.എഫിനുവേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്ന സുനിൽ കനുഗൊലു കോൺഗ്രസ് നേതാവാണെന്ന കാര്യം പിണറായി സൗകര്യപൂർവം മറച്ചുവയ്ക്കുന്നു. രാജ്യമെമ്പാടും മോദിയെ താഴെയിറക്കാൻ അഹോരാത്രം അധ്വാനിക്കുന്ന ജനാധിപത്യ മതേതര വിശ്വാസിയാണ് അദ്ദേഹം. കർണാടകത്തിൽ അതിന്റെ റിസൾട്ടും ഉണ്ടായി. വരാൻ പോകുന്ന നിയമസഭാതെരഞ്ഞടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ തറപറ്റിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പിണറായി വിജയനെ അസ്വസ്ഥനാക്കുന്നതെന്തിനാണെന്ന് സുധാകരൻ ചോദിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News