മഞ്ചേശ്വരം കോഴക്കേസ്: കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും
കെ.സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള രേഖകൾ ശരിയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി ജെ പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നായിരുന്നു കെ.സുന്ദരയുടെ വെളിപ്പെടുത്തൽ. ഇതിൽ ഒരു ലക്ഷം രൂപ സുഹൃത്തിൻ്റെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. 85,000 രൂപ വീട് അറ്റകുറ്റപണിക്കായി ചിലവഴിച്ചു. 10,000 രൂപ ബന്ധുവിൻ്റെ കല്യാണത്തിന് നൽകി. ബാക്കി പണം മറ്റ് ആവശ്യങ്ങൾക്കായി ചിലവായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബി.ജെ.പി നേതാക്കൾ നൽകിയ സ്മാർട്ട് ഫോൺ പൊലീസ് പിടിച്ചെടുത്തു. കടയിൽ പരിശോധന നടത്തിയ പൊലീസിന് സുന്ദരയ്ക്ക് നൽകാനായി ഫോൺ വാങ്ങിയവരെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. സുന്ദരയെ താമസിപ്പിച്ച ജോഡ് കല്ലിലെ കെ.സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ പൊലീൽ പരിശോധന നടത്തിയിരുന്നു. കെ.സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള രേഖകൾ ശരിയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യമൊഴി എടുക്കാൻ തീരുമാനിച്ചത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. സാക്ഷികളുടെ രഹസ്യമൊഴി നാളെ ന രേഖപ്പെടുത്തും.