തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ചോദ്യംചെയ്തു

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്

Update: 2021-09-16 08:39 GMT
Advertising

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യംചെയ്തു. കാസർകോട് ഗസ്റ്റ്‌ ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് സുരേന്ദ്രനെ ചോദ്യംചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ അന്വേഷണസംഘത്തിന് മൊഴി നൽകി.

കേസ് രജിസ്റ്റർ ചെയ്ത് മൂന്നുമാസത്തിനു ശേഷമാണ് കെ.സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്തത്. ഒന്നേകാൽ മണിക്കൂർ നേരമായിരുന്നു ചോദ്യംചെയ്യൽ. സുന്ദരയെ അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ അന്വേഷണസംഘത്തിന് മൊഴി നൽകി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ കെ.സുന്ദരയെകൊണ്ട് ഒപ്പിടീച്ചു എന്ന് പറയുന്ന താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്നാണ് സുരേന്ദ്രന്‍റെ മൊഴി. നിയമ വ്യവസ്ഥയോടുള്ള വിശ്വാസം കൊണ്ടാണ് ചോദ്യംചെയ്യലിന് ഹാജരായതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കേസിൽ മഞ്ചേശ്വരത്തെ ബിജെപിയുടെ ചില പ്രാദേശിക നേതാക്കളെ പ്രതിചേർക്കാനും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. സുന്ദര പട്ടികവർഗവിഭാഗത്തിൽ പെട്ട ആളായതിനാൽ എസ്‍സി, എസ്‍ടി വകുപ്പുകൾ ചുമത്താനാണ് നീക്കം. നിലവിൽ ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലിനൽകിയെന്ന വകുപ്പുകൾ ചുമത്തി കെ.സുരേന്ദ്രനെ മാത്രം പ്രതിചേർത്താണ് കേസ് അന്വേഷണം.

കേസിന്‍റെ നാള്‍വഴി

മാർച്ച് 21

തങ്ങളുടെ സ്ഥാനാർഥിയായ കെ സുന്ദരയെ കാണാനില്ലെന്ന് ബിഎസ്പി പൊലീസിന് പരാതി നൽകുന്നു

മാർച്ച് 22

കെ. സുന്ദര പത്രിക പിൻവലിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുന്നു

ജൂൺ 5

കെ. സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു

ജൂൺ 6

എല്‍ഡിഎഫ് സ്ഥാനാർഥി വി വി രമേശൻ ബദിയടുക്ക പൊലീസിലും കാസർകോട് കോടതിയിലും പരാതി നൽകുന്നു

ജൂൺ 7

കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തുന്നു

171 ബി, ഇ വകുപ്പ് പ്രകാരം കെ.സുരേന്ദ്രനെതിരെ കേസ്

രണ്ടാഴ്ച കഴിഞ്ഞ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നു

ജൂണ്‍ 19

ജോഡ് കല്ലിലെ കെ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ പരിശോധന

ജൂണ്‍ 22

കെ സുരേന്ദ്രൻ താമസിച്ച കാസർകോട്ടെ സ്വകാര്യ ഹോട്ടലിൽ പരിശോധന

ജൂണ്‍ 29

സുന്ദരയുടെയും ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തി

ജൂലൈ 3

മാർച്ച് 22ന് വാണി നഗറിലെ വീട്ടിൽ സുനിൽ നായിക് എത്തിയതിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്ത്

ജൂലൈ 12

എസ്‍സി, എസ്ടി അതിക്രമം തടയൽ നിയമ പ്രകാരം കെ. സുരേന്ദ്രന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് തുടങ്ങിയ നേതാക്കളെ ചോദ്യംചെയ്തു

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News