വ്യാജരേഖാ കേസ്: അട്ടപ്പാടി കോളജിൽ കെ വിദ്യ ഹാജരാക്കിയത് സ്വയം സാക്ഷ്യപ്പെടുത്താത്ത രേഖകൾ; പൊലീസ് പരിശോധന നടത്തി
വിദ്യയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് അഗളി സി.ഐ അറിയിച്ചു.
പാലക്കാട്: അട്ടപ്പാടി ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ ഹാജരാക്കിയത് സ്വയം സാക്ഷ്യപ്പെടുത്താത്ത രേഖകൾ. കോളജിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് അഗളി സി.ഐ കെ സലിം പറഞ്ഞു. എന്നാൽ 12 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്ന് കോളജ് പ്രിൻസിപ്പൽ പറയുന്നു.
അന്വേഷണ ഭാഗമായി പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും വിദ്യയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുകൊണ്ടുപോയിട്ടുണ്ടോ എന്നറിയില്ലെന്ന് പ്രിൻസിപ്പൽ പറയുന്നു.
കോളജിൽ സമർപ്പിച്ച എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ പകർപ്പിൽ വിദ്യ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടില്ല. പേരെഴുതി ഒപ്പിട്ടിട്ടില്ല. ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകുമ്പോൾ സെൽഫ് അറ്റസ്റ്റ് പതിവാണ്. എന്നാലിവിടെ വിദ്യ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനാണ് പൊലീസ് കോളജിൽ എത്തിയത്. തുടർന്ന് രേഖകൾ ശേഖരിച്ചു മടങ്ങി.
വിദ്യ എവിടെയാണെന്ന് സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സൈബർ പൊലീസ് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. കേരളത്തിന് അകത്തുതന്നെ ഒരു സുരക്ഷിതമായൊരിടത്ത് വിദ്യ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.