സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്കുള്ള ചികിത്സാ സംവിധാനങ്ങൾ എന്തൊക്കെ എന്ന് അറിയിക്കണം; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നൽകുന്നത് നിർത്തലാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്കുള്ള ചികിത്സാ സംവിധാനങ്ങൾ എന്തൊക്കെ എന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. അടിയന്തര ഘട്ടങ്ങളിൽ മതിയായ ചികിത്സ നൽകാൻ കഴിയുമോ എന്നും വിശദീകരിക്കണം. ഓഫർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് നടപടി.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നൽകുന്നത് നിർത്തലാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതല്ലെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് കൊണ്ടുപോകാൻ കഴിയുമോ എന്നതും അറിയിക്കണം. ഹരജിയിൽ ജയിൽ ഡിഐജിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
കഴിഞ്ഞ ദിവസം ഉന്നതരുടെ ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷക്കെതിരായായിരുന്നു വിമർശനം. ജയിലിന് പകരം ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പലരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കെ.എന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു വിമര്‍ശനം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രൊസിക്യൂഷൻ അറിയിച്ചാല്‍ മാത്രം വാദം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.