കടക്കാവൂർ പോക്‌സോ കേസിൽ അമ്മയ്ക്ക് നീതി; റിപ്പോർട്ട് അംഗീകരിച്ച് കോടതി
പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
തിരുവന്തപുരം കടയക്കാവൂർ പോകസോ കേസ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
കേസിൽ അമ്മയെ കുടുക്കിയതാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഈ പരാതി ശരിവയ്ക്കുന്നതിയിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും. റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഹാജരാക്കിയ രേഖകൾ കൂടി പരിശോധിച്ചാണ് കോടതിയുടെ നടപടി.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്‍തു. വ്യക്തി വിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം.
കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും പോക്‌സോ കോടതി നടപടി എടുക്കാത്തതിനാൽ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി കേസ് വേഗത്തിൽ അവസാനിപ്പിക്കണം എന്ന ഉത്തരവ് പോക്‌സോ കോടതിക്കു നൽകി.