പന്നിയിറച്ചിയില്ല; ഹലാൽ ഫുഡ് ഫെസ്റ്റുമായി കൈപമംഗലം യൂത്ത് കോൺഗ്രസ്

തൃശ്ശൂർ കൈപമംഗലത്തെ എറിയാട് വെച്ചാണ് പരിപാടി നടത്തിയത്

Update: 2021-11-24 13:44 GMT
Advertising

'പന്നിയിറച്ചിയടക്കമുള്ള ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതിനിടെ ഹലാൽ ഫുഡ് ഫെസ്റ്റുമായി കൈപമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. ''ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ... വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ...'' എന്ന മുദ്രാവാക്യവുമായാണ് കമ്മിറ്റി ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തിയത്. തൃശ്ശൂർ കൈപമംഗലത്തെ എറിയാട് വെച്ചാണ് പരിപാടി നടത്തിയത്. കേരളത്തിലെ ഹോട്ടലുകളിലുള്ള ഹലാൽ ബോർഡുകൾക്കെതിരെയും ഹലാൽ ഭക്ഷണത്തിനെതിരെയും സംഘ്പരിവാർ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സമരം.

നോൺ ഹലാൽ ഭക്ഷണങ്ങൾക്കെതിരെ ആരും രംഗത്ത് വന്നിരുന്നില്ലെങ്കിലും ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി വിതരണം ചെയ്തിരുന്നു. അവ ഉൾപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന സംഘ്പരിവാർ ചോദ്യങ്ങൾക്ക് മറുപടിയായാണ് നീക്കം. കോഴിക്കോട്ടെ നോൺ ഹലാൽ ഹോട്ടലുകളുടെ ലിസ്റ്റുണ്ടാക്കി അവക്ക് മാത്രം സംഘ്പരിവാരും ചില ക്രിസ്ത്യൻ പ്രൊഫൈലുകളും പ്രചാരണം നൽകിയപ്പോൾ അവയിൽപ്പെട്ട ഒരു സ്ഥാപനത്തിൽ ചെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡൻറ് എഎ റഹീം പിന്തുണയർപ്പിച്ചിരുന്നു. എന്നാൽ വിതരണം ചെയ്യുന്ന ഭക്ഷണം ഹലാലായതിനാൽ മോശമാണെന്ന് പറഞ്ഞ് അവഹേളിക്കാൻ ശ്രമം നടന്ന സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തില്ല. ഈ നീക്കം സാമൂഹിക മാധ്യമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു.

കേരളത്തിലേക്ക് സംഘ്പരിവാരത്തിന് കടന്നുവരാൻ കഴിയാതിരുന്നപ്പോൾ ഹലാൽ വിവാദം പോലുള്ള വിവാദങ്ങൾ ഏറ്റുപിടിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്തെ എല്ലാ കാര്യങ്ങളിലും സംഘ്പരിവാർ വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ ഇന്ന് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. ബീഫും പന്നിയറിച്ചിയും ചിക്കനും ബിരിയാണിയും അടക്കമുള്ള വിഭവങ്ങൾ വിളമ്പിയായിരുന്നു ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധം. ഫുഡ് സ്ട്രീറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡൻറ് എ എ റഹീം ആണ്. കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്റെ നാടാണ് കേരളമെന്ന് എ.എ റഹീം പറഞ്ഞു. സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ കാമ്പയിൻ സംഘപരിവാർ അഴിച്ചുവിടുകയാണ്. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഹലാൽ വിവാദത്തിൽ എത്തിയിരിക്കുന്നു. മുസ്‌ലിം നാമധാരികൾ നടത്തുന്ന ഹോട്ടലുകൾക്കെതിരെ, ഹലാൽ ബോർഡുകളുള്ള ഹോട്ടലുകൾക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആർഎസ്എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബിജെപി അധ്യക്ഷൻ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയെന്നും എ എ റഹീം വിമർശിച്ചു. എറണാകുളത്ത് ഡോ. സബാസ്റ്റ്യൻ പോളാണ് ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തത്.

Full View

ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് നടത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ ബിജെപി നേതാക്കളുടെ പരിഹാസം അതിൽ പോർക്ക് വിഭവങ്ങൾ ഉണ്ടാകുമോ എന്നായിരുന്നു. പന്നിയറച്ചിയും ബീഫും ചിക്കനും ബിരിയാണിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഫുഡ് സ്ട്രീറ്റിൽ വിളമ്പി. 'ഫുഡ് സ്ട്രീറ്റ്' പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എസ്. സതീഷ് പറഞ്ഞു- 'ചിലർക്ക് സംശയം ഫുഡ് സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻ പാടില്ലെന്നും ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. 'തുപ്പി' കൊടുക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘിക്കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജ്യം പേറുന്നതുകൊണ്ടാണ്'- സതീഷ് ഫേസ് ബുക്കിൽ കുറിച്ചു.

ഉത്തരേന്ത്യയിലും രാജ്യത്തിന്റെ ഇതരഭാഗത്തും നടന്ന പശുക്കടത്ത് ആരോപണങ്ങൾക്കും ബീഫ് ഉപയോഗത്തിനും കൊലപാതകങ്ങൾക്കുമെതിരെയുള്ള പ്രതിഷേധമായി സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിന് പിറകേയാണ് ഫുഡ് സ്ട്രീറ്റുമായി സിപിഎം യുവജനസംഘടന ഡിവൈഎഫ്ഐ എത്തിയത്. സംഘപരിവാരവും ചില ക്രൈസ്തവ പ്രൊഫൈലുകളും ഉയർത്തിക്കൊണ്ടു വന്ന ഹോട്ടലുകളിലെ ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്ഐ പരിപാടി നടത്തിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News