കളമശ്ശേരി മണ്ണിടിച്ചിൽ; അപകടത്തിലേക്ക് നയിച്ചത് സുരക്ഷാ വീഴ്ച, കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു

ആഴത്തിൽ കുഴിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ലെന്ന് പൊലീസ്

Update: 2022-03-19 01:21 GMT
Advertising

കൊച്ചി കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചിലില്‍ നാല് അതിഥി തൊഴിലാളികൾ മരിക്കാനിടയായത് സുരക്ഷാ വീഴ്ച കാരണമെന്ന് പൊലീസ്. ആഴത്തിൽ കുഴിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ എറണാകുളം ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു.  

കെട്ടിട നിർമ്മാണത്തിനുള്ള പൈലിങ് ചെയ്യുന്നതിന് വേണ്ടിയാണ് വലിയ ആഴത്തിൽ കുഴിയെടുത്തത്. ഈ കുഴിയിലെ ജോലിക്കിടയിൽ മുകളിൽ നിന്നും മണ്ണിടിഞ്ഞാണ് കഴിഞ്ഞ ദിവസം വലിയ ദുരന്തം ഉണ്ടായത്. ഇത്രയും ആഴത്തിൽ ജോലി എടുക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. മാത്രമല്ല, മണ്ണിന് ഈർപ്പം ഉണ്ടായിരുന്നതും മണ്ണിടിച്ചിലിന് കാരണമായി. സംഭവത്തിൽ പൊലീസ് ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുരന്തമുണ്ടായ സ്ഥലത്തെ മണ്ണുപരിശോധന നടത്തും. 

അപകടമുണ്ടായതിനു പിന്നാലെ എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ ജില്ലാ മജിസ്ട്രേററ്റിനാണ് അന്വേഷണ ചുമതല. നാലു വകുപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടക്കുക. ഫൈജുൽ മണ്ഡൽ, കുദൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നുറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ച അതിഥി തൊഴിലാളികള്‍. സിയാവുൽ മണ്ഡൽ, ഫാറൂഖ് മണ്ഡൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂ.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News