മുന്നണിക്കകത്തെ 'പ്രതിപക്ഷ നേതാവ്'; ഇടതു സർക്കാരിനെയും സി.പി.എമ്മിനെയും തിരുത്തിയ കാനം

കേന്ദ്ര ഫണ്ട് തട്ടാനാണ് മാവോയിസ്റ്റുകളെ കൊന്നതെന്നായിരുന്നു നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ച് കാനം തുറന്നടിച്ചത്

Update: 2023-12-08 16:33 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഇടതുമുന്നണിക്കകത്തെ 'പ്രതിപക്ഷ' നേതാവായിരുന്നു കാനം രാജേന്ദ്രൻ. പാർട്ടി അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും അക്കാര്യത്തിൽ മാറ്റമുണ്ടായിരുന്നില്ല. സർക്കാരിന്റെയും സി.പി.എമ്മിന്റെയുമെല്ലാം അപചയങ്ങൾക്കെതിരെ കാനം തുറന്നടിച്ചു.

2015ലെ കോട്ടയം സമ്മേളനത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിപദത്തിലേക്ക് ആദ്യമായി എത്തുന്നത്. 2018ൽ വീണ്ടും സെക്രട്ടറിയായി. ഏറ്റവുമൊടുവിൽ പാർട്ടിക്കകത്ത് ചേരിതിരിവ് പരസ്യമായ കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തലും അദ്ദേഹം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയായ ശേഷം സി.പി.ഐ സംഘടനാപരമായി കൂടുതൽ കരുത്താർജിക്കുന്നതാണു കണ്ടത്. പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകളുണ്ടായെങ്കിലും മുന്നണി അധികാരത്തിലേറിയതോടെ അദ്ദേഹം അകത്തും പുറത്തും കൂടുതൽ കരുത്തനായി. എതിർഗ്രൂപ്പുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് അദ്ദേഹം കൂടുതൽ ശക്തനായത്.

ഇടതുമുന്നണിക്കുള്ളിൽ തെറ്റുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മുന്നണി ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കെയും അക്കാര്യത്തിൽ മാറ്റമുണ്ടായിരുന്നില്ല. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് വേട്ടയിൽ ഏറ്റവും രൂക്ഷമായി പ്രതികരിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കാനം. കേന്ദ്ര ഫണ്ട് തട്ടാനാണ് മാവോയിസ്റ്റുകളെ കൊന്നതെന്നായിരുന്നു കാനത്തിന്റെ ആരോപണം.

തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് തട്ടാൻ ഐ.പി.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന പ്രചാരണം സൃഷ്ടിക്കാനാണു നീക്കമെന്നും അദ്ദേഹം ആരോപിച്ചു. മാവോയിസ്റ്റുകൾ ഉയർത്തുന്ന വിഷയങ്ങൾ അവഗണിക്കാനാകില്ലെന്നും അവരെ ഉന്മൂലനം ചെയ്യുന്നത് പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ലെന്നും കാനം വ്യക്തമാക്കി. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുണ്ടായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം നിലപാട് ആവർത്തിച്ചു.

കേരള കോൺഗ്രസിന്റെ(എം) ഇടതുമുന്നണി പ്രവേശത്തിലും തുടക്കത്തിലേ എതിർപ്പറിയിച്ച് അദ്ദേഹം രംഗത്തെത്തി. രാഷ്ട്രീയ വെന്റിലേറ്ററിൽ കിടക്കുന്നവർക്കുള്ള ഇടമല്ല ഇടതുപക്ഷം എന്നുവരെ കടന്നുപറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മുന്നണിയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ വിമർശനങ്ങൾ അയയുകയായിരുന്നു.

സി.പി.എമ്മും സർക്കാരും അടിസ്ഥാന ഇടതുനയങ്ങളിൽനിന്നു വ്യതിചലിച്ചപ്പോഴെല്ലാം 'പ്രതിപക്ഷ' സ്വരവുമായി അദ്ദേഹം പരസ്യമായി രംഗത്തെത്തി. മുന്നണിക്കും സർക്കാരിനും പലഘട്ടങ്ങളിലും അതു തലവേദനയായി. എന്നാൽ, അവസാനകാലത്ത് സി.പി.എമ്മുമായി അനുനയപ്പെട്ടും വിധേയപ്പെട്ടും പോയതായും വിമർശനമുയർന്നു. തിരുവനന്തപുരം സമ്മേളനത്തിനു മുൻപടക്കം ആ വ്യാഖ്യാനം രൂക്ഷമായി. അദ്ദേഹം സി.പി.ഐയെ സി.പി.എമ്മിന്റെ 'ബി' ടീം ആക്കിയെന്ന പഴിയും കേൾക്കേണ്ടിവന്നിരുന്നു. സി.പി.എം പ്രതിരോധത്തിലായ വിഷയങ്ങളിലടക്കം പഴയ തിരുത്തൽ നിലപാടിൽനിന്നു മാറി അദ്ദേഹം നിശ്ശബ്ദനായിപ്പോയെന്നു വിമർശനമുയർന്നിരുന്നു.

Summary: Kanam Rajendran was the leader of the 'opposition' within the Left Front, corrected both CPM and LDF government alike

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News