കണ്ണമ്പ്ര ഭൂമി ഇടപാട്; എ.കെ ബാലനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
എ.കെ ബാലനറിയാതെ ഒരിടപാടും നടക്കില്ലെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്‍റ് എ തങ്കപ്പന്‍
പാലക്കാട് കണ്ണമ്പ്രയിൽ സഹകരണ റൈസ് മില്ലിനായി നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ബാലനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്. നടപടി ജില്ലാ നേതാക്കളിൽ ഒതുങ്ങരുത്. എ.കെ ബാലനറിയാതെ ഒരിടപാടും നടക്കില്ലെന്നും ഭൂമി ഇടപാടിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് എ തങ്കപ്പന്‍ പറഞ്ഞു.
അതേസമയം, കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായുള്ള ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പാര്‍ട്ടി കമ്മീഷന്‍റെ കണ്ടെത്തല്‍. ഇതേ തുടർന്ന് സിപിഎം അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും കണ്ണമ്പ്ര ചൂർകുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവും, കണ്ണമ്പ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയുമായ ആര്‍ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിൽ ക്രമക്കേട് നടത്തിയതിന് വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ. ബാലനെ ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, കേന്ദ്ര കമ്മറ്റിയംഗം എ.കെ ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്- ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. താക്കീത് നൽകാനായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റിന്‍റെ തീരുമാനം. ഈ നിർദ്ദേശം തള്ളിയാണ് അച്ചടക്ക നടപടിയുണ്ടായത്.