മതേതരത്വം സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തം കാണിക്കണം: കാന്തപുരം
എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കാന്തപുരം
തൃശൂര്‍: ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിനാരും വളം വെച്ചുകൊടുക്കരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്. തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ പേരില്‍ മതേതരവിശ്വാസികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കരുത്. സമൂഹത്തില്‍ സ്വാധീനമില്ലാത്ത സംഘടനകള്‍ക്ക് അനാവശ്യ പ്രചാരം നല്‍കുന്നതും ഗുണകരമല്ല. വര്‍ഗീയ ചേരിതിരിവുകളെ ശക്തമായി പ്രതിരോധിക്കാനാകണം. മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതിനു പകരം സൗഹൃദമുണ്ടാക്കാനാണ് നാം ഒരുമിച്ചു ശ്രമിക്കേണ്ടത്.
രാജ്യത്തെ ജനാധിപത്യ മതേതര പാരമ്പര്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമാണ് കേരളത്തിലെ സുന്നികളുടെത്. ബഹുസ്വര സൗഹൃദ ജീവിതം മത വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന് പഠിപ്പിക്കുകയും മതത്തിനകത്ത് നിന്നുണ്ടാകുന്ന വിധ്വംസക ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്ത പാരമ്പര്യമാണ് സുന്നികളുടേത്. മത വര്‍ഗീയതയും രാഷ്ട്രീയ വര്‍ഗീയതയും സമൂഹത്തെ ശിഥിലമാക്കും. വര്‍ഗീയതയെ നിരാകരിക്കാന്‍ സമുദായ സംഘടനകളും പാര്‍ട്ടികളും സന്നദ്ധമാകണം.
പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തി. എസ്‍വൈഎസ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജന്‍, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, എം. മുഹമ്മദ് സഖാഫി സംസാരിച്ചു.
സമ്മേളനം ഇന്നും നാളെയും തുടരും. ഇന്നു വൈകുന്നേരം അഞ്ചിന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഹാരിസ് ബീരാന്‍ എംപി പ്രഭാഷണം നടത്തും. നെക്സ്റ്റ്‌ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, കള്‍ചറല്‍ ഡയലോഗ് എന്നീ ഉപ പരിപാടികളും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്നു.