ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: എല്ലാ ആനുകൂല്യങ്ങളും ജനസംഖ്യാനുപാതത്തിലാക്കണമെന്ന് കാന്തപുരം വിഭാഗം
കൂടിയാലോചനകളില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. ഇത് ധൃതിപിടിച്ച തീരുമാനമായിപ്പോയി. സാമുദായിക സംഘടനകളുമായി ആലോചിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം. എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജനസംഖ്യാനുപാതത്തിലാക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സ്‌കോളര്‍ഷിപ്പ് മാത്രം ജനസംഖ്യാനുപാതികമാക്കുന്ന രീതി ശരിയല്ല. സര്‍ക്കാര്‍ സര്‍വീസിലെ സംവരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കല്‍ എല്ലാം ആനുപാതികമാകട്ടെയെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
കൂടിയാലോചനകളില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. ഇത് ധൃതിപിടിച്ച തീരുമാനമായിപ്പോയി. സാമുദായിക സംഘടനകളുമായി ആലോചിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. എല്ലാ കോടതി വിധികളും സര്‍ക്കാര്‍ ഇങ്ങനെ ധൃതിപിടിച്ച് നടപ്പാക്കാറുണ്ടോയെന്നും അസ്ഹരി ചോദിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്താണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കിയത് എന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു സമുദായത്തിനും നഷ്ടമുണ്ടാവാത്ത വിധത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ 100 ശതമാനവും മുസ് ലിം സമുദായത്തിന് അവകാശപ്പെട്ടതാണെന്നാണ് മുസ് ലം സംഘടനകളുടെ വാദം. ഇത് ജനസംഖ്യാനുപാതികമാക്കിയാല്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളില്‍ കുറവുണ്ടാവുമെന്നും ഇവര്‍ പറയുന്നു.