തുഴഞ്ഞുകേറി പിടിച്ച് ഓളക്കിരീടം; കാരിച്ചാൽ ചുണ്ടൻ വീണ്ടും ജലരാജാവ്
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് കിരീടം നഷ്ടമായി.
ആലപ്പുഴ: പുന്നമടക്കായലിലാകെ ആവേശത്തീ പടർത്തിയ 70ാമത് നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ വീണ്ടും ജലരാജാവ്. 4.29.785 മിനിറ്റിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഓളക്കിരീടം തുഴഞ്ഞുപിടിച്ചത്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് കിരീടം നഷ്ടമായി. 4.29.790 മിനിറ്റിലാണ് വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തിയത്.
ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മാറി. കഴിഞ്ഞ നാല് വർഷവും തുടർച്ചയായി കാരിച്ചാൽ ചുണ്ടൻ തന്നെയാണ് നെഹ്രു ട്രോഫി സ്വന്തമാക്കിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയും ആകെ 16ാം തവണയുമാണ് കാരിച്ചാൽ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. പ്രവചനാതീതമായ പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിൽ എത്തിയ കാരിച്ചാൽ ചുണ്ടൻ ജലക്കിരീടം സ്വന്തമാക്കുകയായിരുന്നു.
ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിൽ അണിനിരന്നത്. ഏറ്റവും ആവേശം നിറഞ്ഞുനിന്ന നാലാം ഹീറ്റ്സിൽ മത്സരിച്ച മൂന്ന് ടീമുകളാണ് ഫൈനലിലേക്ക് തുഴഞ്ഞുകയറിയത്.
പുന്നമട കായലിനെ ഇളക്കിമറിച്ച് ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി മാറ്റുരച്ചത്. ഇതിൽ 19 ചുണ്ടൻ വള്ളങ്ങളാണ് ഹീറ്റ്‌സ് ഇനത്തിൽ മത്സരിച്ചത്. ഇതിൽനിന്ന് നാല് വള്ളങ്ങളാണ് ഫൈനൽ പട്ടികയിൽ ഇടംപിടിച്ചത്.
ഹീറ്റ്സിലെ വേഗവള്ളങ്ങൾ ഒപ്പത്തിനൊപ്പം ആഞ്ഞുതുഴഞ്ഞപ്പോൾ ആലപ്പുഴയാകെ ആവേശപ്പുഴയായി മാറുന്ന കാഴ്ചയ്ക്കാണ് പുന്നമടക്കായലോരം സാക്ഷിയായത്. ഒന്നാം ട്രാക്കിൽ നടുഭാഗം, രണ്ടാം ട്രാക്കിൽ കാരിച്ചാൽ, മൂന്നാം ട്രാക്കിൽ വീയപുരം, നാലാം ട്രാക്കിൽ നിരണം ചുണ്ടൻ എന്നിങ്ങനെയാണ് അണിനിരന്നത്.