കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്: രണ്ടുപേർ പിടിയിൽ
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ, പ്രതികളെ സഹായിച്ച അതുൽ എന്നിവരാണ് പിടിയിലായത്


കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ രണ്ടുപേർ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ, പ്രതികളെ സഹായിച്ച അതുൽ എന്നിവരാണ് പിടിയിലായത്. ക്വാട്ടേഷൻ കൊടുത്ത അലുവ അതുൽ അടക്കം നാലുപേർ കൂടി പിടിയിലാകാൻ ഉണ്ട്. ജില്ലയ്ക്ക് പുറത്തുനിന്നാണ് പ്രതികൾ പിടിയിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2024 നവംബര്‍ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. മുൻപും സന്തോഷിന് നേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതികൾ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. എല്ലാവരും വധശ്രമക്കേസ് പ്രതികളാണ്. ഒന്നാം പ്രതി അലുവ അതുൽ, പ്യാരി എന്നിവർ എംഡിഎംഎ അടക്കമുള്ള കേസുകളിൽ പ്രതികളാണ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്.