കാസർകോട്ടും അനധികൃത ദത്തെടുക്കല്‍; 48 ദിവസം പ്രായമായ കുഞ്ഞിനെ കേരളത്തിലെത്തിച്ചത് മുംബൈയില്‍ നിന്ന്
ദത്തെടുത്ത കുടുംബത്തിലെ അംഗങ്ങളെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കാസർകോട് ജില്ലയിലും അനധികൃത ദത്തെടുക്കല്‍ നടന്നതായി കണ്ടെത്തല്‍. 48 ദിവസം പ്രായമായ കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തെന്ന കണ്ടെത്തിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മുംബൈയില്‍ നിന്നാണ് കുഞ്ഞിനെ ദത്തെടുത്ത് കേരളത്തിലെത്തിച്ചത്. ദത്തെടുത്ത കുടുംബത്തിലെ അംഗങ്ങളെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനി വഴിയാണ് കുഞ്ഞിനെ ദത്തെടുത്തത്.
അതേസമയം സി.ഡബ്ല്യു.സി യുടെ അനുമതിയില്ലാതെ കോഴിക്കോട് നിന്ന് അനധികൃതമായി ദത്തെടുത്ത കുഞ്ഞിനെ മോചിപ്പിച്ചു. ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് സി.ഡബ്ല്യു.സി മോചിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ സർക്കാർ സംരക്ഷിത ഭവനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്ന് വർഷം മുന്‍പാണ് കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്തത്.
അവിവാഹിതയായ ഒരു പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ വീട്ടുകാർ തന്നെ ദത്ത് നൽകുകയും കുട്ടികൾ ഇല്ലാത്ത കുടുംബം അതിന് തയ്യാറായി വന്ന് ഏറ്റെടുക്കുകയുമായിരുന്നു. എന്നാൽ ഇതിൽ ഒരു തരത്തിലുമുള്ള നയമ നടപടിക്രമങ്ങളും തന്നെ പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി. ഒരു വ്യക്തി നൽകിയ രഹസ്യാന്വേഷണത്തിന്‍റെെ അടിസ്ഥാനത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷിക്കുകയും ഇത് അനധികൃത ദത്താണെന്ന് മനസിലാക്കുകും ചെയ്യുന്നത്. സംഭവത്തില്‍ ചൈല്‍ഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പന്നിയങ്കര പൊലീസ് കേസെടുത്തു.