കശ്മീർ റിക്രൂട്ട്‌മെന്റ് കേസ്: 10 പേരുടെ ശിക്ഷ ശരിവെച്ചു; മൂന്നുപേരെ വെറുതെവിട്ടു

പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു.

Update: 2022-05-09 09:41 GMT
Advertising

കൊച്ചി: കശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മൂന്നുപേരെ വെറുതെവിട്ടു. തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ, പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് എൻ.ഐ.എ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയത്. രണ്ടാം പ്രതി എം.എച്ച് ഫൈസൽ 14-ാം പ്രതി മുഹമ്മദ് നവാസ്, 22-ാം പ്രതി ഉമറുൽ ഫാറൂഖ് എന്നിവരെയാണ് വെറുതെവിട്ടത്.

പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. 18 പേരിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ തടിയന്റവിട നസീര്‍ അടക്കം 18 പ്രതികളുടെ വിചാരണ 2012 ഫെബ്രുവരിയിലാണു തുടങ്ങിയത്. 186 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട തയ്യില്‍ തൈക്കണ്ടി ഫയാസ്, തായത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുല്‍ റഹീം, വെണ്ണല മുഹമ്മദ് യാസിന്‍ എന്ന റയ്‌മോന്‍ എന്നിവരെ തീവ്രവാദ പ്രവര്‍ത്തനത്തിനു റിക്രൂട്ടു ചെയ്തുവെന്നാണ് കേസ്. ക.ണ്ണൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍, തടിയന്റവിട നസീര്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളായ കാവഞ്ചേരി മുട്ടനൂര്‍ തായാട്ടില്‍ അബ്ദുല്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി, പള്ളിക്കര സര്‍ഫറസ് നവാസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിയായ സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദ്ദീന്‍, മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, തയ്യില്‍ പൗണ്ട് വളപ്പ് ഷഫാസ്, കളമശേരി കൂനംതൈ ഫിറോസ്, വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, എന്നിവരാണ് കേസിലെ പ്രതികള്‍.

അബ്ദുല്‍ ജലീല്‍ ആണ് എന്‍ഐഎ കേസിലെ ഒന്നാം പ്രതി.കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാര്‍, കറുകപ്പള്ളി റസാഖ് മന്‍സില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ബദറുദ്ദീന്‍, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പള്ളി അബ്ദുല്‍ ഹമീദ്, ആനയിടുക്ക് ഷെനീജ് എന്നിവരെയാണ് വെറുതെവിട്ടത്. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശി അബ്ദുല്‍ വാലി, കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടികയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ കേസില്‍ ഇനിയും പിടികൂടാനുണ്ട്.. കശ്മീരില്‍ കൊല്ലപ്പെട്ട നാലു യുവാക്കളും ആദ്യപ്രതിപ്പട്ടികയില്‍ പ്രതികളായിരുന്നെങ്കിലും പിന്നീട് അവരെ ഒഴിവാക്കിയിരുന്നു. ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ സംഭവിച്ച കാലതാമസം വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.

പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News