യുഡിഎഫ് പരിഭ്രാന്തി എന്തിനായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു-എം.ബി രാജേഷ്
ഹോട്ടൽ പരിശോധനയിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിന്റെ വാദങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു തള്ളിയിരുന്നു
പാലക്കാട്: പാലക്കാട്ടെ ഹോട്ടലിൽ നടന്ന പരിശോധന പാതകമെന്നു വരുത്തിത്തീർക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മന്ത്രി എം.ബി രാജേഷ്. യുഡിഎഫിന്റെ പരിഭ്രാന്തി എന്തിനായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഭീഷണിയെ ഭയക്കുന്നില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
വി.ഡി സതീശൻ വലിയ ഭീഷണി ഉയർത്തുകയാണ്. അതു കേട്ട് അയ്യോ രക്ഷിക്കണേ, സഹായിക്കണേ എന്നു പറഞ്ഞു ചെല്ലുന്നയാളല്ല ഞാൻ. സിസിടിവി ദൃശ്യങ്ങൾ യുഡിഎഫിന്റെ പരിഭ്രാന്തി എന്തിനായിരുന്നുവെന്ന് വ്യക്തമാക്കുന്നു. സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസിലാകും. പൊലീസിനു വിവരം കിട്ടിയാൽ പരിശോധിക്കരുതെന്നാണോ? അതിന് എല്ലാവരുടെയും സമ്മതം ആവശ്യമാണോ? സ്വാഭാവിക നടപടിയാണ് അവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു.
പരിശോധന പാതകമാണെന്നു ചിത്രീകരിക്കുന്നതിനു പിന്നിൽ പലതും ഒളിച്ചുവയ്ക്കാനുള്ള ലക്ഷ്യമാണുള്ളത്. തെരഞ്ഞെടുപ്പ് അവലോകനമാണ് നടന്നതെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ ലീഗിന്റെ നേതാവും ഡിസിസി അധ്യക്ഷനും എവിടെയാണ്? വിശദീകരണങ്ങളെല്ലാം പരിഹാസ്യമാണ്. പരിശോധന പാതകമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. വ്യാജ ബോംബ് ഭീഷണി വന്നാൽ അന്വേഷിക്കില്ലേ? ഗൂഢാലോചന സിപിഎമ്മിന്റെ തലയിൽ വയ്‌ക്കേണ്ട. വിഷയം പുറത്തുപോയ കാര്യം കോൺഗ്രസ് അന്വേഷിക്കട്ടെയെന്നും എം.ബി രാജേഷ് പറഞ്ഞു.
അതേസമയം, ഹോട്ടൽ പരിശോധനയിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിന്റെ വാദങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു തള്ളിയിരിക്കുകയാണ്. സിപിഎം-ബിജെപി ഡീൽ എന്ന് വരുത്തിത്തീർക്കാൻ ഷാഫി പറമ്പിൽ നടത്തിയ നാടകമാണ് ഹോട്ടലിൽ അരങ്ങേറിയതെന്നാണ് സരിൻ പറഞ്ഞത്. എന്നാൽ, ഹോട്ടലിൽ കള്ളപ്പണം എത്തിയെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
Summary: Minister MB Rajesh said that the opposition is trying to make the inspection at Palakkad hotel a sin