നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

Update: 2024-09-20 14:06 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. മലയാള സിനിമയിൽ അമ്മ കഥാപാത്രമായി നിറഞ്ഞുനിന്ന കവിയൂർ പൊന്നമ്മ അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു.

നന്ദനം, കിരീടം, ചെങ്കോൽ, വാത്സല്യം, തേന്മാവിൻ കൊമ്പത്ത്, സന്ദേശം, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം, ബാബകല്യാണി, കാക്കകുയിൽ വടക്കുംനാഥൻ, തനിയാവർത്തനം തുടങ്ങി നാനൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. 12ാം വയസിൽ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തിൽ പാടാനായി ക്ഷണിച്ചതാണ് കലാരംഗത്തേക്കുള്ള വഴിത്തിരിവായത്. കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തില്‍ പാടി, നായികയെ കിട്ടാതെ വന്നപ്പോൾ തോപ്പിൽ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് 14 ാം വയസില്‍ ഇതേ നാടകത്തിലെ നായികയായി.

 എം.ടി.വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ തുടങ്ങി മലയാളത്തിലെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മയായി വെള്ളിത്തിരയിലെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. ആറുപതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിനുടമയാണ്. മേഘതീർത്ഥം എന്ന സിനിമ നിർമിച്ചിട്ടുണ്ട്.

1962 ലെ ശ്രീരാമ പട്ടാഭിഷേകമാണ് ആദ്യ ചിത്രം. എന്നാൽ 1964 ൽ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലൂടെയാണ്  ശ്രദ്ധിക്കപ്പെടുന്നത്. ആണും പെണ്ണുമാണ് അവസാന ചിത്രം. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. അന്തരിച്ച നടി കവിയൂർ രേണുക ഉൾപ്പെടെ ആറു സഹോദരങ്ങളുണ്ട്.

നാളെ രാവിലെ കളമശേരിയിലെ മുനിസിപ്പൽ ഹാളിൽ പൊതുദർശനമുണ്ടാകും. സംസ്‌കാരം വൈകീട്ട് നാലുമണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News