'അതിനെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം, ഇതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം'; സി.പി.എമ്മിനെതിരെ കെ.സി വേണുഗോപാൽ
വിഴിഞ്ഞത് തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന മാർച്ചിലാണ് സി.പി.എം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി നേതാവ് വി.വി രാജേഷും വേദി പങ്കിട്ടത്.
തിരുവനന്തപുരം: വിഴിഞ്ഞത് ബി.ജെ.പി നേതാക്കളുമായി വേദി പങ്കിട്ട സി.പി.എമ്മിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
'ഒരുവശത്ത് ബി.ജെ.പിയുടെ നോമിനിയായി വന്ന ഗവർണറുമായുള്ള ഏറ്റുമുട്ടൽ. അതിനെ നമുക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം. മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കെതിരെ ബി.ജെ.പിയുമായി കൈകോർത്ത് സമരം. ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം'- വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
വിഴിഞ്ഞത് തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന മാർച്ചിലാണ് സി.പി.എം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി നേതാവ് വി.വി രാജേഷും വേദി പങ്കിട്ടത്. വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരുവശത്ത് ബി.ജെ.പിയുടെ നോമിനിയായി വന്ന ഗവർണറുമായുള്ള ഏറ്റുമുട്ടൽ. അതിനെ നമുക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം.
മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കെതിരെ ബി.ജെ.പിയുമായി കൈകോർത്ത് സമരം. ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.
കാലങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടത്. ഗവർണർക്കെതിരായ പോരാട്ടം പോലും ബി.ജെ.പി സർക്കാരിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും ബി.ജെ.പി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നിൽക്കുന്നത് കാണുമ്പോൾ കേരളത്തിന് ബോധ്യപ്പെടും.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ ഒരു ചെറുവിരൽ പോലുമനക്കാത്ത സംസ്ഥാന സർക്കാർ, സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറയുന്നതിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ലെന്ന് സി.പി.എം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയ ജീർണതയാണത്.
കേരളത്തിന്റെ ജനാധിപത്യ-മതേതര ബോധ്യങ്ങളെ അട്ടിമറിച്ചുകൊണ്ട് വർഗീയ-കോർപ്പറേറ്റ് ശക്തികൾക്കൊപ്പം അണിനിരക്കുക എന്നതാണ് സി.പി.എം നയമെങ്കിൽ, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസ് നയമെന്ന് 'കൂട്ടുകക്ഷി'കളെ ഓർമിപ്പിക്കുന്നു.