കണ്ണൂരിലെ കേളകം, അടക്കാത്തോട് മേഖല കടുവാ ഭീതിയിൽ
കഴിഞ്ഞ മാസമാണ് കൊട്ടിയൂരിൽനിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയത്
Update: 2024-03-17 05:35 GMT
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കേളകം, അടക്കാത്തോട് മേഖല കടുവാ ഭീതിയിൽ. പ്രദേശത്തെ കരിയംകാപ്പിൽ ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാർ കടുവയെ കണ്ടിരുന്നു. അടക്കാത്തോടിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിനോട് ചേർന്ന് കടുവ കടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ചീങ്കണ്ണിപ്പുഴയുടെ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെയാണ് നാട്ടുകാർ ഭീതിയിലായത്. അവശനായ കടുവയാണ് പ്രദേശത്തിറങ്ങിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അതിനിടെ, കടുവയെ പിടികൂടാൻ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ജില്ലാ ഭരണകൂടം അടയ്ക്കാത്തോട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആർആർടി സംഘത്തെ പ്രത്യേകമായി മേഖലയിൽ നിയോഗിച്ചതായി വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് സമീപ മേഖലയായ കൊട്ടിയൂരിൽനിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയത്.