എം.ടിക്ക് ഇന്ന് നിയമസഭയുടെ ആദരം

സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാര്‍ഡ്' മലയാളത്തിന്‍റെ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും

Update: 2023-11-04 08:08 GMT
Editor : Jaisy Thomas | By : Web Desk

MT Vasudevan Nair

Advertising

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നിയമസഭയിലെ ആര്‍.‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാര്‍ഡ്' മലയാളത്തിന്‍റെ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും. നിയമസഭാ പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പിൽ സാഹിത്യകാരൻ ടി.പത്മനാഭനാണ് 'നിയമസഭാ അവാര്‍ഡ്' ലഭിച്ചത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖരാണ് ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നത്. കെഎല്‍ഐബിഎഫ് ഡയലോഗ്സിൽ സന്തോഷ് ജോർജ് കുളങ്ങര പങ്കെടുക്കുന്ന പരിപാടി 'മലയാളത്തിന്റെ ലോകസഞ്ചാരിക്കൊപ്പം' , മലയാള സിനിമാ പ്രവർത്തകരായ കമൽ, എം.മുകേഷ്, ജി.സുരേഷ് കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന സ്‌മൃതി സന്ധ്യ, സുനിൽ പി. ഇളയിടം പങ്കെടുക്കുന്ന കെഎല്‍ഐബിഎഫ് ടോക്സ് തുടങ്ങിയവയാണ് രണ്ടാം ദിനത്തിലെ മുഖ്യ ആകർഷണം. പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേരാണ് നിയമസഭാ അങ്കണത്തിലേക്ക് എത്തുന്നത്. സാഹിത്യ - കലാ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രകാശനങ്ങളും പല ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.

എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, സ്മരണ പങ്കുവയ്ക്കൽ തുടങ്ങിയ പരിപാടികൾ വിവിധ വേദികളിൽ നടക്കും. പുസ്തകോത്സവത്തിന്‍റെ പൊലിമ കൂട്ടാനായി വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പുസ്തകോത്സവത്തിൽ എത്തുന്നവർക്ക് ആസ്വാദ്യകരമായ രീതിയിൽ വിവിധ രുചികൾ ഉൾപ്പെടുത്തിയ ഭക്ഷണ ശാലകളും സജ്ജീകരിച്ചിട്ടുണ്ട്. നിയമസഭാ അങ്കണത്തെ പ്രശോഭിതമാക്കാൻ ഒരുക്കിയ വൈദ്യുത ദീപാലങ്കാരം ജനങ്ങൾക്ക് ഊഷ്മളമായ അനുഭവമായി.

കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ പങ്കെടുത്തു. പുസ്‌തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർഥികൾക്കുള്ള സൗജന്യ സന്ദർശന പാക്കേജിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ക്രമീകരിച്ചത്. ബീമാപള്ളി ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി സിറ്റി റൈഡ് ആദ്യ യാത്ര നടത്തി.



കുട്ടികളുമായി അല്പസമയം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ആടിയും പാടിയും കുട്ടികൾ സിറ്റി റൈഡ് ആഘോഷമാക്കി. നിയമസഭാ മ്യൂസിയം, അസംബ്ലി ഹാൾ, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ സന്ദർശന നടത്താം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News