സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്നറിയാം
നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തും ജൂൺ 30ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം.
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്ന് തീരുമാനിക്കും.നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തും ജൂൺ 30ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ഈ രണ്ട് സുപ്രധാന സ്ഥാനങ്ങളിലേക്ക് ആരെ നിയമിക്കണമെന്ന് ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു കേരളത്തിന്റെ നാൽപ്പത്തിയെട്ടാമത് ചീഫ് സെക്രട്ടറിയായേക്കുമെന്നാണ് റിപ്പോർട്ട്. സീനിയോറിട്ടിയിൽ മുന്നിലുള്ളവർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങാത്തതാണ് വേണുവിന് അനുകൂലമായത്. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ആശാ തോമസ്, രാജേഷ് കുമാർ സിംഗ്, ശാരദ മുരളീധരൻ, എ ജയതിലക്, ബിശ്വനാഥ് സിൻഹ എന്നിവരിൽ ഒരാളെ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കും.
വിവാദങ്ങളിൽ നിറയുന്ന പൊലീസിനെ ആര് നയിക്കും എന്നതാണ് ഉയരുന്ന സുപ്രധാന ചോദ്യം. കേന്ദ്രം സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിൽ ഡിജിപിമാരായ കെ പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണുള്ളത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടറായ ഹരിനാഥ് മിശ്ര സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള കെ പദ്മകുമാറിനെയോ മികച്ച ട്രാക്ക് റെക്കോഡുള്ള ഷേഖ് ദർവേഷ് സാഹിബിനെയോ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുക്കും. എന്നാൽ പാർട്ടി നിലപാട് കൂടി പരിശോധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.