ചെറിയ പെരുന്നാൾ നിറവിൽ കേരളം: നമസ്കാരത്തിൽ പങ്കെടുത്ത് ആയിരങ്ങൾ
മൗലാന അബുൽ കലാം ആസാദിനെയും മുഗൾ രാജവംശത്തെയും കുറിച്ചുളള ഭാഗങ്ങൾ NCERT പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തതിനെ പാളയം ഇമാം വിമർശിച്ചു
വ്രതശുദ്ധിയുടെ നിറവിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഈദ് നമസ്ക്കാരത്തിൽ സ്ത്രീകളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികളാണ് പങ്കെടുത്തത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി നേതൃത്വം നൽകി.
മൗലാന അബുൽ കലാം ആസാദിനെയും മുഗൾ രാജവംശത്തെയും കുറിച്ചുളള ഭാഗങ്ങൾ NCERT പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തതിനെ പാളയം ഇമാം വിമർശിച്ചു. എലത്തൂർ തീവണ്ടി ആക്രമണത്തിൽ ഒരു മുസ്ലിം നാമധാരി പ്രതിസ്ഥാനത്തെത്തിയത് വേദനിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഷെരീഫ് മേലേതിലിന്റെ കാർമികത്വത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. മറൈൻ ഡ്രൈവിൽ ജമാഅത്തെ ഇസ്ലമിയുടെ നേതൃത്വത്തിലും, ആലുവ അദ്വൈതാശ്രമം ശിവഗിരി വിദ്യാനികേതൻ,കലൂർ സ്റ്റേഡിയം എന്നിവടങ്ങളിലും ഈദ് ഗാഹുകൾ നടന്നു. കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സിനിമാതാരങ്ങളായ മമ്മൂട്ടി, ദുൽഖർ സൽമാൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിന് ടി ആരിഫലി നേതൃത്വം നൽകി.
മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് നേതൃത്വം നൽകിയത്. ജാമി ഉൽ ഫുതൂഹില്ലിലെ ആദ്യ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം നേതൃത്വം നൽകുമെന്ന് അറിഞ്ഞതോടെ ആയിരക്കണക്കിന് വിശ്വാസികളാണ് അവിടെക്ക് ഒഴുകിയെത്തിയത്.
കെഎൻഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് ഗാഹിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. മുഷ്താഖ് അഹമ്മദ് സ്വലാഹി നേതൃത്വം നൽകി.
റമദാനിൽ നേടിയ ആത്മീയ കരുത്തുമായാണ് ചെറിയപെരുന്നാൾ ആഘോഷം.. തുടർന്നും ഈ ആത്മീയ ചൈതന്യം നിലനിർത്താനുള്ള ശ്രമത്തിൽ ആണ് വിശ്വാസികൾ..