'ഇപ്പോൾ നിലനിൽക്കുന്ന ഒന്നിനും കുറവു വരില്ല'; ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുഖ്യമന്ത്രി
എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമേയുള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം ആ കാര്യം സ്വാഗതം ചെയ്യാൻ തോന്നിയത്.
തിരുവനന്തപുരം: മുസ്‌ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ക്രമീകരണത്തിൽ ഒരു സമുദായത്തിനും ആനുകൂല്യങ്ങളിൽ കുറവു വരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധി അനുസരിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ എന്താണ് മാറ്റം വരുത്താനുള്ളത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഒരു വിധി വന്നു. അതിൽ പറയുന്നത് എന്താണ്? ഇത് ഈ തരത്തിൽ വിവേചനപരമായി ചെയ്യാൻ പറ്റില്ല. അപ്പോൾ നിലനിൽക്കുന്ന പ്രശ്‌നം, ഇപ്പോൾ കിട്ടുന്ന കൂട്ടർക്ക് ഏതെങ്കിലും തരത്തിലുള്ള കുറവു വന്നാൽ അത് ദോഷകരമായിട്ട് വരും. ഇപ്പോൾ നിലനിൽക്കുന്ന ഒന്നിനും കുറവു വരില്ല. അതേസമയം, മൊത്തമായി ജനസംഖ്യാനുപാതത്തിലാകുകയും ചെയ്യും. എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമേയുള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം ആ കാര്യം സ്വാഗതം ചെയ്യാൻ തോന്നിയത്. ഒരു കുറവും വരില്ല. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട'- മുഖ്യമന്ത്രി പറഞ്ഞു.
സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയും അപ്രസക്തമായില്ലേ എന്ന ചോദ്യത്തിന്, 'തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്നതാണത്. ഇതിൽ മുസ്‌ലിം വിഭാഗത്തിന് സഹായം വേണമെന്ന് പറയുന്നതിൽ നമുക്കാർക്കും തടസ്സമില്ല. അത് കൊടുത്തുവരികയാണ്. അതിൽ ഒരു കുറവുമുണ്ടാകില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ന്യൂനപക്ഷങ്ങൾ എന്ന നിലയ്ക്ക് എല്ലാവരെയും ഒരേ പോലെ കാണണമെന്നാണ്. അക്കാര്യം സർക്കാർ മാനിച്ചു നടപടികൾ എടുക്കുന്നു. ഒരു കൂട്ടർക്ക് കിട്ടുന്നതിൽ കുറവു വരുത്താതെ മറ്റൊരു കൂട്ടർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതിൽ എന്തിനാണ് വേറെ ന്യായങ്ങൾ പറയുന്നത്. അതു കൊണ്ടാണല്ലോ പ്രതിപക്ഷ നേതാവിന് ഇതിനെ പിന്തുണച്ച് ആദ്യം സംസാരിക്കണമെന്ന് തോന്നിയത്. ആ സംസാരം പിന്നെ മാറ്റുന്നതിനുള്ള സമ്മർദം ലീഗിന്റെ ഭാഗത്തു നിന്ന് വന്നു എന്നാണല്ലോ നമ്മൾ കാണുന്നത്. അതൊരു ശരിയായ രീതിയല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേ സമയം രണ്ട് സ്‌കോളർഷിപ്പ് മറ്റൊരു സമുദായത്തിന് ലഭിക്കാനുള്ള സാഹചര്യമുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'വാദിച്ചു വാദിച്ച് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത കളയുന്ന രീതിയിലേക്ക് പോകരുത്. ഇതൊക്കെ വളരെ അപകടകരമായ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. നമ്മൾ അതിന്റെ ഭാഗമാകേണ്ട. നമ്മൾ അർഹരായവർക്ക് സ്‌കോളർഷിപ്പ് കൊടുക്കുന്നു. ആ നിലയ്ക്ക് അതിനെ കാണരുത്. അനാവശ്യമായി തീ കോരിയിടുന്ന വർത്തമാനങ്ങൾ മറ്റു ചിലർ പറയുമായിരിക്കും. പക്ഷേ, നമ്മൾ അതിന്റെ ഭാഗമായി മാറരുത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അനുപാതം മാറുന്നത് ഇങ്ങനെ
നേരത്തെ 80:20 ആയിരുന്ന സ്‌കോളർഷിപ്പ് അനുപാതമാണ് ഇപ്പോൾ ജനസംഖ്യയ്ക്ക് അനുസൃതമായി മാറുന്നത്. ഇതോടെ അനുപാതം 59.5:40.87ലേക്ക് മാറും. ഇത് മുസ്‌ലിംകൾക്ക് നഷ്ടം വരുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മുസ്‌ലിംകൾക്ക് നൽകിയ സ്‌കോളർഷിപ്പുകളുടെ എണ്ണവും തുകയും ഈ വർഷവും നിലനിർത്തുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് ഇപ്പോൾ പങ്കിടേണ്ടി വരുന്ന സാഹചര്യമുണ്ടായത്.
ഭാവിയിൽ സ്‌കോളർഷിപ്പിന്റെ എണ്ണത്തിലും തുകയിലും വർധനയോ കുറവോ വരുമ്പോഴും അത് ജനസംഖ്യാനുപാതികമായിട്ടായിരിക്കും ബാധിക്കുക. സംസ്ഥാന ന്യൂനപക്ഷ ജനസംഖ്യയിലെ 59.05 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിനാകും പദ്ധതിയിൽ ഭാവിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ നഷ്ടം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സച്ചാർ സമിതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പാലോളി കമ്മിറ്റി ശിപാർശ അനുസരിച്ച് 2009 മുതലാണ് സംസ്ഥാനത്തെ മുസ്‌ലിംകൾക്ക് പ്രത്യേകം സ്‌കോളർഷിപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിന് ശേഷം പരിവർത്തിത, ലത്തീൻ കത്തോലിക്ക വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി 80:20 എന്ന രീതിയിലേക്ക് പദ്ധതി പുതുക്കി. പത്തു വർഷം പ്രശ്‌നങ്ങളില്ലാതെ മുമ്പോട്ടു പോയ പദ്ധതിയാണ് ചില ക്രൈസ്തവ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ മാറിമറിഞ്ഞത്.