മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം ആണധികാരത്തിന്റെ ഭാഗം: ഹൈക്കോടതി
സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ കാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി പറഞ്ഞു. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ കാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്നും കോടതി ചോദിച്ചു. ഹോസ്റ്റലുകളിൽ സമയനിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിൽ രാത്രി 9.30 തന്നെ കയറണമെന്ന ചട്ടം നിർബന്ധമാക്കിയതിന് എതിരെയാണ് വിദ്യാർഥികൾ ഹരജി നൽകിയത്. നിയന്ത്രണത്തിനെതിരെ തിങ്കളാഴ്ച രാത്രി വിദ്യാർഥികൾ ടർഫിൽ ഫുട്‌ബോൾ കളിച്ച് പ്രതിഷേധിച്ചിരുന്നു.