ആർക്കും ഉപകാരമില്ലെങ്കിൽ പൊളിച്ചുകൂടെ? കോട്ടയത്തെ ആകാശപ്പാതയെ കുറിച്ച് ഹൈക്കോടതി
2016ൽ തുടങ്ങിയ നിർമാണം ഇന്നും പാതിവഴിയിലാണ്
കോട്ടയത്തെ ആകാശപ്പാത ആർക്കും ഉപകാരമില്ലെങ്കിൽ പൊളിച്ചുകൂടെയെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2016ൽ തുടങ്ങിയ നിർമാണം ഇന്നും പാതിവഴിയിലാണ്.
ജനങ്ങളുടെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന കോട്ടയത്തെ ആകാശപ്പാത പൊളിക്കണമെന്ന ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകനായ എ കെ ശ്രീകുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ആറ് വർഷത്തോളമായി നിശ്ചലമായി കിടക്കുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെടുന്നത്.
പക്ഷെ തിരുവഞ്ചൂർ പറയുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ പലയിടത്തും അലൈൻമെന്റ് തെറ്റി. അപ്പാടെ പാളിയ പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നാൽ ചെലവ് ഇരട്ടിയാകും. അലൈന്‍മെന്‍റ് നേരെയാക്കണമെങ്കിൽ റൗണ്ടിന്റെ വലിപ്പം വർധിപ്പിക്കണം. ആറ് കോടിയോളം ചെലവ് പ്രതീക്ഷിച്ച പദ്ധതിയിൽ ഇതുവരെ ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആകാശപ്പാത അധികപ്പറ്റായതോടെ ജനങ്ങളും പ്രതിഷേധത്തിലാണ്.