മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി വിവാദത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പങ്കില്ലെന്നു പറഞ്ഞു മാറിനിൽക്കാനാകില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ആവശ്യം കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് എതിർത്തു. കെ.എസ്.ഐ.ഡി.സിക്ക് നിലവിൽ സി.എം.ആർ.എല്ലിൽ ഒരു ഡയരക്ടറുണ്ട്. കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.ഡി.സിക്കു വ്യക്തമായ വിവരവുമുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ എങ്ങനെയാണ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തുകയെന്ന് കേന്ദ്രം ചോദിച്ചു. ഇതേകാര്യം തന്നെ കോടതിയും ആവർത്തിച്ചു.
കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കമ്പനി എന്നു പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് കൂടി ചേർന്നതാണെന്നും കോർപറേറ്റ് മന്ത്രാലയം ചൂണ്ടിക്കാട്ടി. പങ്കില്ലെന്നു പറഞ്ഞ് മാറിനിൽക്കാനാകില്ലെന്ന് കെ.എസ്.ഐ.ഡിസിയോട് കോടതി പറഞ്ഞു. ഒന്നും ഒളിച്ചുവയ്ക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
ഹരജി ഏപ്രിൽ അഞ്ചിനു വീണ്ടും പരിഗണിക്കും.
Summary: Kerala High Court orders SFIO to continue investigation against KSIDC in CMRL case