യുകെയില്‍ മരിച്ച ആലുവ സ്വദേശി റൈഗൻ ജോസിന്‍റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം
മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു
തൃശൂര്‍: യുകെയിൽ മരിച്ച എറണാകുളം ആലുവ സ്വദേശി റൈഗൻ ജോസിന്‍റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ആവശ്യവുമായി കുടുംബം. ഒരാഴ്ച മുമ്പ് മരണപ്പെട്ട റൈഗന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ഏഴുമാസം മുൻപ് യുകെയിലേക്ക് പോയ ഭാര്യയുടെ അടുത്തേക്ക് റൈഗന്‍ എത്തുന്നത് മൂന്നുമാസം മുമ്പാണ്. ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഇത്തരമൊരു ദുരന്തവാർത്ത കുടുംബത്തെ തേടിയെത്തിയത്. വൈർ ഹൗസ് കാലിയാക്കുന്ന ജോലിക്കിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിച്ചു എന്ന വിവരം മാത്രമാണ് വീട്ടുകാർക്കും ഭാര്യക്കും ലഭിച്ചിട്ടുള്ളൂ. 29-ാം തിയതിയാണ് മരണം സംഭവിച്ചത്.
നാളിതുവരെ പോസ്റ്റ്മോർട്ടം നടത്തുകയോ ഭാര്യയെയും അടുത്ത ബന്ധുക്കളെയും മൃതദേഹം കാണിക്കാനോ അവിടെയുള്ള അധികൃതർ തയ്യാറായിട്ടില്ല. കൂടാതെ റൈഗൻ്റേയും ഭാര്യയുടേയും മൊബൈൽ ഫോണുകൾ അന്വേഷണത്തിന്‍റെ ഭാഗം എന്ന പേരിൽ പിടിച്ചെടുത്തിരിക്കുകയാണ് യുകെ പൊലീസ്. വിദേശകാര്യമന്ത്രാലയത്തിൽ തുടങ്ങി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. പക്ഷേ ഒരു മറുപടിയും ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചത് നോർക്കയിൽ നിന്നു മാത്രം. മൗനം വെടിഞ്ഞ് യുകെയിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ എത്രയും വേഗം അധികാരികൾ ഇടപെടണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം.