അയോധ്യയിലെ ദശരഥന്‍റെ മകന്‍ രാമന് പെറ്റിയടിച്ച് കേരള പൊലീസ്; ടാര്‍ഗറ്റ് തികയ്ക്കാന്‍ പൊലീസ് ആര്‍ക്കും പെറ്റിയടിക്കുമെന്ന് സോഷ്യല്‍ മീഡിയ
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവം ചടയമംഗലം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അയോധ്യയിലെ ദശരഥ പുത്രൻ രാമനും പെറ്റിയടിച്ച് കേരള പൊലീസ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് അയോധ്യയിലെ രാമന് കൊല്ലം ചടയമംഗലം പൊലീസ് പെറ്റിയടിച്ചത്.
ഈ മാസം 12 ന് പൊലീസ് പരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റിടാതെ വന്ന കാർ തടയുകയും പിഴ നൽകാനായി രസീതിൽ പേര് ചോദിക്കുമ്പോൾ കാർ യാത്രക്കാർ പേര് രാമൻ, അച്ഛന്റെ പേര് ദശരഥൻ, സ്ഥലം അയോധ്യ എന്ന് പറയുകയായിരുന്നു. എന്ത് പറഞ്ഞാലും സര്‍ക്കാരിന് കാശ് കിട്ടിയാല്‍ മതി എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതും വീഡിയോയിലുണ്ട്. 500 രൂപയാണ് അയോധ്യക്കാരൻ രാമനിൽ നിന്ന് പൊലീസ് പിഴയായി വാങ്ങിയത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവം ചടയമംഗലം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തപ്പോൾ കാറിലുണ്ടായിരുന്ന യുവാക്കൾ തങ്ങളോട് കയർത്തെന്ന് പൊലീസ് പറഞ്ഞു. മേൽവിലാസ രേഖകൾ തരാൻ വിസമ്മതിച്ചെന്നും പേരും വിലാസവും ചോദിച്ചപ്പോൾ രാമന്റെ പേര് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുമാണ് പൊലീസ് വിശദീകരണം.
അതേസമയം ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ആരിൽ നിന്നും പിഴയീടാക്കുന്ന പൊലീസ് നടപടിയുടെ ഉദാഹരണമാണ് ഈ സംഭവമെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം.