അഞ്ചരപ്പതിറ്റാണ്ടിന്റെ പഴമ; കേരളാ റോഡ്‌വെയ്‌സ് ടാറ്റാ ബെൻസിനെ ഇന്നും പരിപാലിച്ച് ഇവർ
കേരള റോഡ് വെയ്സിന്റെ സ്ഥാപകൻ കോഴിക്കോട് സ്വദേശി വി.കെ മൊയ്തു ഹാജി 55 വർഷം മുമ്പ് വാങ്ങിയതാണ് ഈ ലോറി
കൊച്ചി: പഴയ തലമുറയിലെ ടാറ്റാ ബെൻസിനെ ഇന്നും പൊന്നുപോലെ നിരത്തിൽ പരിപാലിച്ച് ഇവർ. പക്ഷേ പുതിയ പൊളിക്കൽ നിയമത്തിന്റെ വെളിച്ചത്തിൽ എത്ര നാൾ കൂടി പരിപാലനം സാധ്യമാകുമെന്ന ആശങ്കയിലാണിവർ.
പ്രമുഖ പാർസൽ ഏജൻസിയായ കേരള റോഡ് വെയ്സിന്റെ സ്ഥാപകൻ കോഴിക്കോട് സ്വദേശി വി.കെ മൊയ്തു ഹാജി 55 വർഷം മുമ്പ് വാങ്ങിയതാണ് ഈ ലോറി. 38 കൊല്ലമായി ഈ ലോറി ഓടിക്കുന്നത് കോഴിക്കോട് സ്വദേശി ബാബുവാണ്. അടുത്ത വർഷം ജൂലൈയിൽ ലോറിയുടെ പെർമിറ്റ് കാലാവധി തീരും.
പഴയ വാഹനങ്ങൾ പൊളിക്കുന്ന നിയമം ശക്തമാക്കിയതിനാൽ ഇനിയും പെർമിറ്റ് പുതുക്കി നൽകുമോയെന്നത് വ്യക്തമല്ല. കൂടുതൽ ഫീസ് നൽകിയാണെങ്കിലും കഴിയാവുന്നിടത്തോളം വണ്ടി നിരത്തിൽ തന്നെ തുടരണമെന്നതാണ് ഇവരുടെ ആഗ്രഹം. വല്ലപ്പോഴും ചെറിയ തകരാറുകൾ സംഭവിച്ചാൽ ബംഗളരുവിൽ നിന്നും മറ്റുമാണ് പാർട്സുകൾ വരുത്തിക്കുന്നത്.
നിരത്തിൽ നിന്ന് കൈയൊഴിയേണ്ടതായി വന്നാൽ പൊളിക്കാതെ വെറുതെ വീട്ടുമുറ്റത്ത് പുരാവസ്തുവായി സൂക്ഷിച്ചാൽ മതിയെന്നാണ് മരിക്കുന്നതിനു മുമ്പ് മൊയ്തു ഹാജി ആഗ്രഹം പ്രകടിപ്പിച്ചതെന്നും ബാബു പറയുന്നു. പലരും മോഹവിലയുമായി വരുന്നുണ്ട്. ലിറ്ററിന് നാലര കിലോമീറ്റർ വരെ ഇപ്പോൾ ഓടാൻ കഴിയും. 110 ലിറ്റർ ഡീസൽ കപ്പാസിറ്റിയുമുണ്ട്.