പ്രബന്ധ വിവാദം: ചിന്ത ജെറോമിന്റെ ഗൈഡിന്റെ വിശദീകരണം തേടും; നടപടികളുമായി കേരള സർവകലാശാല
ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചന
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ നടപടികൾക്ക് തുടക്കമിട്ട് കേരള സർവകലാശാല . ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പി.വി.സി പി.പി. അജയകുമാറിന്റെ വിശദീകരണം തേടും. ഇക്കാര്യത്തിൽ രജിസ്ട്രാർക്ക് വൈസ് ചാൻസലർ നിർദേശം നൽകി.
ചിന്തയുടെ ഗവേഷണ പ്രബന്ധ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വൈസ് ചാൻസലറുടെ ഇടപെടൽ. ചിന്തയുടെ ഗൈഡ് അജയകുമാറിന്റെ വിശദീകരണം സർവകലാശാല തേടും. ഇത് സംബന്ധിച്ച നടപടികൾ കൈക്കൊള്ളാൻ സർവകലാശാല രജിസ്ട്രാറെ വിസി ചുമതലപ്പെടുത്തി. ആരോഗ്യ സർവകലാശാലയിലെ പരിപാടിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലുള്ള വൈസ് ചാൻസലർ മെയിൽ മുഖേനയാണ് രജിസ്ട്രാർക്ക് നിർദേശം നൽകിയത്.
ഓപ്പൺ ഡിഫൻസ് വിവരങ്ങളും അജയകുമാർ നൽകണം. ഗുരുതരമായ തെറ്റുകൾക്ക് പുറമെ കോപ്പിയടിയും നടന്നുവെന്ന പരാതി ഉയർന്നതോടെയാണ് കേരള സർവകലാശാല സമ്മർദത്തിലായത്. ചിന്ത ജെറോമിൻറെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും സർവകലാശാല ആലോചിക്കുന്നുണ്ട്. ഭാഷാ, സാഹിത്യ വിദഗ്ധർ അടങ്ങുന്ന സമിതിയെയാകും രൂപീകരിക്കുക. ശേഷം അടുത്ത ആഴ്ച ഗവർണർക്ക് റിപ്പോർട്ട് നൽകാനാണ് വൈസ് ചാൻസലറുടെ നീക്കം.
ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകൾ, ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണ് എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ഗവർണർക്ക് പരാതി നൽകിയത്. ഇതിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഗവർണർ വിശദീകരണം തേടിയത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ തീരുമാനം.
ചിന്തയുടെ ഗൈഡ് ആയിരുന്ന പ്രൊ വി.സി ഡോ. പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം, എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ പരാതിയിലുണ്ട്.
പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.