കേരള വർമ തെരഞ്ഞെടുപ്പ്; റീകൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവ്
എസ്എഫ്‌ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി
കൊച്ചി: തൃശൂർ കേരള വർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവ്. മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിങ് നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എസ്എഫ്‌ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് കോടതി റദ്ദാക്കി. കെഎസ്‌യു സ്ഥാനാർഥിയായ ശ്രീക്കുട്ടന്റെ ഹരജിയിലാണ് കോടതി ഉത്തരവ്
കേസിൽ വാദം പൂർത്തിയായി മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് റീകൗണ്ടിങ് നടത്താനാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദേശം. എസ്എഫ്‌ഐ സ്ഥാനാർഥിയായ അനിരുദ്ധിന്റെ വിജയം കോടതി റദ്ദാക്കുകയും ചെയ്തു.
റികൗണ്ടിങിൽ ചില പാകപ്പിഴകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അസാധുവായ വോട്ട് സാധുവായ വോട്ടുകൾക്കൊപ്പം എണ്ണി എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. റിട്ടേണിംഗ് ഓഫീസർ സമർപ്പിച്ച ടാബുലേഷൻ രേഖകളുൾപ്പടെ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന നിഗമനത്തിൽ കോടതിയെത്തിയത്.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്‌യു പ്രതികരിച്ചു. കേരളത്തിലെ ക്യാംപസുകളിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ എസ്എഫ്‌ഐ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ പ്രതികരണം.
റീകൗണ്ടിങിന് തയ്യാറാണെന്ന് എസ്എഫ്‌ഐ നേരത്തേ അറിയിച്ചിരുന്നതാണെന്നും എങ്ങനെയാണ് കോടതി വിധി തങ്ങൾക്ക് തിരിച്ചടിയാകുന്നതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പ്രതികരിച്ചു.
കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായിരുന്ന എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തി. തുടർന്ന് വീണ്ടും റീകൗണ്ടിംഗ് നടത്തി. ഇതിനിടെ രണ്ട് തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവിൽ റീകൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐ സ്ഥാനാർഥിയായ അനിരുദ്ധ് 11 വോട്ടുകൾക്ക് ജയിച്ചതായി പ്രഖ്യാപനമെത്തി. ഇതിനെതിരെയാണ് ശ്രീക്കുട്ടൻ ഹരജി നൽകിയത്.
സുതാര്യമായി റീകൗണ്ടിങ് നടത്തിയാൽ കെഎസ്‌യു തന്നെ വിജയിക്കുമെന്നായിരുന്നു ശ്രീക്കുട്ടന്റെ പ്രതികരണം. വിജയിക്കുമെന്നായിരുന്നു ശ്രീക്കുട്ടന്റെ പ്രതികരണം. റീ ഇലക്ഷനാണ് ആവശ്യപ്പെട്ടതെങ്കിലും റീകൗണ്ടിങ് സുതാര്യമായല്ല നടന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞൂവെന്നും അതിൽ സന്തോഷമെന്നും ശ്രീക്കുട്ടൻ കൂട്ടിച്ചേർത്തു.