കേരള വിഷൻ ഡിജിറ്റൽ ടിവിയും കേരള വിഷൻ ബ്രോഡ്ബാന്‍റും ടോപ് 10 പട്ടികയില്‍
10 ലക്ഷം വരിക്കാരുമായി രാജ്യത്തെ ടോപ് 10 ബ്രോഡ്ബാന്റ് സേവന ദാതാക്കളുടെ പട്ടികയിലേക്ക് കേരള വിഷൻ ബ്രോഡ്ബാന്റ് സർവ്വീസും 30 ലക്ഷം വരിക്കാരുള്ള കേരള വിഷൻ ഡിജിറ്റൽ കേബിൾ ടി വി ആറാം സ്ഥാനത്തും എത്തിയിരിക്കുന്നു
തിരുവനന്തപുരം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രൂപം നൽകിയ കേരളവിഷൻ ഡിജിറ്റൽ ടിവി, കേരള വിഷൻ ബ്രോഡ്ബാന്റ് എന്നീ രണ്ടു സംരംഭങ്ങളും ഇന്ത്യയിൽ ഈ രംഗത്തെ ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു. 10 ലക്ഷം വരിക്കാരുമായി രാജ്യത്തെ ടോപ് 10 ബ്രോഡ്ബാന്റ് സേവന ദാതാക്കളുടെ പട്ടികയിലേക്ക് കേരള വിഷൻ ബ്രോഡ്ബാന്റ് സർവ്വീസും 30 ലക്ഷം വരിക്കാരുള്ള കേരള വിഷൻ ഡിജിറ്റൽ കേബിൾ ടി വി ആറാം സ്ഥാനത്തും എത്തിയിരിക്കുന്നു. ഗ്രാമീണ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയുടെ വിഭാഗത്തിലും കേരളവിഷൻ വളരെ മുന്നിലാണ്. ഈ സംസ്ഥാനത്തു മാത്രം പ്രവർത്തിക്കുന്ന കേരളവിഷൻ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വൻകിട മൂലധന കമ്പനികളുടെ കടുത്ത മൽസരത്തെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചു കൊണ്ടാണ് പ്രശംസാർഹമായ നേട്ടങ്ങൾ കൈവരിച്ചതെന്ന് കേരള വിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രാദേശിക കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഓഹരി പങ്കാളിത്തത്തോടെ ഒരു സാധാരണ കേബിൾ ടി വി സംരംഭമായി 2008ൽ തുടക്കം കുറിച്ച കേരളവിഷൻ ക്രമേണ ബ്രോഡ്ബാന്റ്, ഐ.പി ടി വി ടെലിഫോൺ തുടങ്ങിയ സേവനങ്ങൾ കൂടി നൽകിക്കൊണ്ട് ട്രിപ്പിൾ പ്ലേ സർവ്വീസ് പ്രൊവൈഡർ ആയി വളർന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ കഴിയുന്ന സുശക്തമായ പശ്ചാത്തല സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇന്ന് കേരളവിഷനുണ്ട്. കേരളവിഷന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോം, ഏതാനും മാസങ്ങൾക്കകം പ്രവർത്തന സജ്ജമാവും. ഉപഭോക്താക്കളുടെ എല്ലാവിധ ഐ ടി, ഡിജിറ്റൽ ആവശ്യങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് നിറവേറ്റാനാവുന്ന ഒരു പോയിന്റ് ഓഫ് ആക്സസ് ആയി മാറുകയാണ് അടുത്ത ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി പ്രർത്തനങ്ങൾ വ്യാപിപ്പിക്കും. സംസ്ഥാനത്തെ ചെറുകിട കേബിൾ ടി വി നെറ്റ് വർക്കുകൾ നേരിട്ടു കൊണ്ടിരുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു വേണ്ടി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് കേരളവിഷൻ എന്ന സംരംഭക കൂട്ടായ്മക്ക് രൂപം നൽകിയത്. കേബിൾ ടി വി ഓപ്പറേറ്റർമാരും ജീവനക്കാരും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് പേരുടെ അർപ്പണ മനോഭാവവും കേരള സമൂഹത്തിന്റെ അകമഴിഞ്ഞ പിൻതുണയുമാണ് കേരളവിഷനെ ഈ അംഗീകാരത്തിന് അർഹമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്തെ ചെറുകിട കേബിൾ ടിവി സംരംഭകരുടെ കൂട്ടായ്മക്ക് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ ഭാഗമായി കേരളാവിഷൻ ഒരു വർഷം നീണ്ട ക്യാമ്പൈന്‍ ആരംഭിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. വിഷൻ - സക്സസ് എന്ന ഈ ക്യാമ്പൈൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 26 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നിരവധി വിശിഷ്ട അതിഥികളുടെ സാന്നിദ്ധ്യത്തിൽ നടക്കും. ടോപ് ടെൻ നേട്ടത്തിന്റെ ഔപചാരികമായ പ്രഖ്യാപനം ധനകാര്യവകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ, നമ്പർ വൺ കേരള ക്യാന്റെ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി രാജീവ് എന്നിവർ നിർവ്വഹിക്കും. കേരള വിഷന്റെ ഡിജിറ്റൽ കേരള സ്കീമുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ് ആണ്. കേരളത്തിന്റെ നോളജ് ഇക്കോണമിയുടെ വികസനത്തിൽ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ പങ്കാളിത്തം എന്ന വിഷയത്തിൽ സംസ്ഥാന ഐ ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽകർ ഐ.എ.എസ്, കെ.ഡീസ് മെമ്പർ സെക്രടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് , സി.ഒ.എ. ജനറൽ സെക്രട്ടറി കെ.വി.രാജൻ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സി.ഒ.എ പ്രസിഡണ്ട് അബൂബക്കർ സിദ്ധിക് അധ്യക്ഷത വഹിക്കുന്ന വിഷൻ സക്സസിന് സ്വാഗതമാശംസിക്കുന്നത് കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദനും നന്ദി പ്രകാശനം മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷുമാറും നിർവ്വഹിക്കും. കെ.ഗോവിന്ദൻ (ചെയർമാൻ കേരള വിഷൻ), ജ്യോതികുമാർ വി.എസ് (ഡയറക്ടർ കേരള വിഷൻ), നിസ്ക്കാർ കോയപ്പറമ്പിൽ (സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട്), ബിജുകുമാർ (സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), ഹരികുമാർ (സി.ഒ.എ തിരുവനന്തപുരം ജില്ലാസെക്രട്ടറി) എന്നിവരാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.