ഖാർഗെ കോൺഗ്രസിന്റെ ദളിത് മുഖം; തരൂർ പിൻമാറണണമെന്ന് കൊടിക്കുന്നിൽ സുരേഷ്

ശശി തരൂരിനെയും മല്ലികാർജുന ഖാർഗെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ എന്തുകൊണ്ടും യോഗ്യൻ ഖാർഗെ തന്നെയാണ്.

Update: 2022-09-30 09:45 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് ശശി തരൂർ പിൻമാറണമെന്ന് ലോക്‌സഭാംഗം കൊടിക്കുന്നിൽ സുരേഷ്. കേരളത്തിൽ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂർ പറഞ്ഞതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

പാർട്ടിയെ നയിക്കാൻ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവർത്തകരുമായുള്ള ബന്ധം, അനുഭവ സമ്പത്ത് ഇവയൊക്കെയാണ് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിർണയിക്കുന്ന മാനദണ്ഡം. ഇവിടെ മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ പരിഗണനയില്ല. ശശി തരൂരിനെയും മല്ലികാർജുന ഖാർഗെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ എന്തുകൊണ്ടും യോഗ്യൻ ഖാർഗെ തന്നെയാണ്.

ഔദ്യോഗിക പിന്തുണ ഖാർഗെക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പാർട്ടിയുടെ ദളിത് മുഖമാണ് ഖാർഗെ. ജഗ്‌ജിവൻ റാമിന് ശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ഒരു ദളിത് വിഭാഗത്തിൽ പെട്ടയാൾ വരാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ തരൂർ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥനയെന്നും സുരേഷ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണയും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് തന്നെയാണ്. ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവർ ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ടു. ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയെ തന്നെയാണ് ജി23 നേതാക്കളും പിന്തുണക്കുന്നത്. ജി 23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

2005ൽ കർണാടക പിസിസി അധ്യക്ഷനായിരുന്നു ഖാർഗെ. കർണാടക നിയമസഭയിൽ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ൽ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവർത്തന മേഖല ഡൽഹിയിൽ. യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. റെയിൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കോൺഗ്രസ് സഭാ കക്ഷി നേതാവായി. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മത്സരിക്കുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News