കൊയിലാണ്ടിയിൽ നിന്ന് ലഭിച്ച മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിന്റേതെന്ന് സംശയം; ഡി.എൻ.എ ഫലം ഇന്ന് ലഭിച്ചേക്കും

കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു

Update: 2022-08-05 01:42 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ ഡി.എൻ.എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം ഇർഷാദിന്റേതെന്ന സംശയത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇർഷാദിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ പൊലീസ് ഡി.എൻ.എ പരിശോധനക്കയച്ചത്. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് റൂറൽ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.

കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. മൃതദേഹത്തിന് ഇർഷാദുമായി രൂപ സാമ്യമുണ്ടെന്ന കാര്യവും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്. കേസിൽ ഇത് വരെ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മിർഷാദ് വയനാട് സ്വദേശികളായ, ഷെഹീൽ,ജനീഫ്,സജീർ എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, തട്ടിക്കൊണ്ടു പോകുന്നതിനിടെ കോരപ്പുഴയിൽ ചാടി ഇർഷാദ് രക്ഷപ്പെട്ടു എന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടത്തുന്നുണ്ട്. സംഭവത്തിൽ സമീപവാസികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ആറംഘ സംഘം കാറിലെത്തുകയും അതിലൊരാൾ പുഴയിൽ ചാടുന്നതായും കണ്ടവരുണ്ട്. അത് കൂടാതെ ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ യും പൊലീസ് പരിശേധിക്കും.

പന്തരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായിൽ നിന്ന് കഴിഞ്ഞ മെയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരൻറെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിൻറെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News