കയ്യേറ്റത്തെ പറ്റി പറയാൻ ശിവരാമന് യോഗ്യതയില്ലെന്ന് എം.എം മണി; ശിവരാമൻ പറഞ്ഞത് പാർട്ടി നിലപാടെന്ന് സി.പി.ഐ
മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കെ.കെ ശിവരാമൻ
ഇടുക്കി: കൈയ്യേറ്റത്തെ കുറിച്ച് പറയാൻ കെ.കെ.ശിവരാമന് യോഗ്യതയില്ലെന്ന് എം.എം മണി. തനിക്ക് മറുപടി പറയാൻ കെ.കെ ശിവരാമൻ ആരുമല്ല. ശിവരാമൻ തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്നും എം.എം മണി പറഞ്ഞു. അതേസമയം, മൂന്നാർ കയ്യേറ്റ വിവാദത്തിൽ സി.പി.ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ പിന്തുണച്ച് സി.പി.ഐ ജില്ലാ നേതൃത്വം രംഗത്തെത്തി.
ശിവരാമൻ പറഞ്ഞത് പാർട്ടി നിലപാടാണ്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നത് പാർട്ടി നിലപാടാണ്. എം.എം മണിയുടെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു.
മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കെ.കെ ശിവരാമൻ പറഞ്ഞു. സി.പി.എം നേതാക്കളും ബന്ധുക്കളും ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് പ്രചാരണം. കോട്ടക്കമ്പൂരിൽ കോൺഗ്രസുകാരും കയ്യേറ്റം നടത്തിയിട്ടുണ്ട്. കയ്യേറ്റം ആര് നടത്തിയാലും ഒഴിപ്പിക്കം. മുന്നണിക്കുള്ളിൽ ഈ വിഷയത്തിൽ തർക്കമില്ലെന്നും കെ.കെ.ശിവരാമൻ പറഞ്ഞു.