'കേരള പൊലീസിൽ പരാതി കൊടുക്കുന്നതിന് താങ്കൾക്ക് ആശങ്കയുണ്ടോ?'; കെ.ടി ജലീലിനോട് ലീഗ് നേതാവ് കെ.എം ഗഫൂർ
ആദ്യ പോസ്റ്റിൽ , മിന്നൽ മുരളിയിലെ ഡ്യൂപ്ലിക്കേറ്റ് വിളിച്ചു പറഞ്ഞത് പോലെ " നാട്ടാരെ ഓടി വരണെ " ആണെങ്കിൽ രണ്ടാമത്തേതിൽ പാണ്ടിപ്പടയിൽ തമിഴന്മാരുടെ തല്ല് കൊണ്ടിട്ട് ഓടുമ്പോൾ കൊച്ചിൻ ഹനീഫ സഹ ഗുണ്ടകളോട് പറഞ്ഞ ഡയലോഗ് പോലെ ആയി. " ഞാൻ അവരെ തല്ലാനില്ല. എനിക്ക് പണ്ടേ തമിഴന്മാരെ ഇഷ്ടമില്ല"-ഗഫൂർ പരിഹസിച്ചു.
മലപ്പുറം: ഭീകരവാദി പരാമർശത്തിൽ കെ.ടി ജലീലിന്റെ വാദങ്ങൾ കൂടുതൽ വിശദീകരിക്കണമെന്ന് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം ഗഫൂർ. ജലീൽ എന്ന പേരിൽ കേരള പൊലീസിൽ പരാതി നൽകുന്നതിന് ആശങ്കയുണ്ടോ എന്ന് ഗഫൂർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഇതിന് മുമ്പ് ഇതേ പേരിൽ കേസ് കൊടുത്തിട്ടുള്ള ജലീലിന് ഇപ്പോൾ എന്താണ് ആശങ്കയുണ്ടായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കെ.ടി. ജലീൽ ,തന്നെക്കുറിച്ച് ബി.ജെ.പി നേതാവ് നടത്തിയ ഭീകരവാദി പരാമർശത്തിനെതിരായി തൽക്കാലം നിയമനടപടിക്കില്ല എന്നാണ് പറയുന്നത്. അത്തമൊരു വിഷയത്തെ നിയമപരമായി നേരിടണോ അവഗണിക്കണോ എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. പക്ഷെ, തൻ്റെ ഈ തീരുമാനത്തിന് അടിസ്ഥാനമായി ജലീൽ പറയുന്ന കാരണം ഒന്ന് കൂടി വിശദമാക്കണം.
ജലീൽ എന്ന പേരിൽ വർത്തമാന ഇന്ത്യയിൽ വാദിയായോ പ്രതിയായോ ഒരു സംവിധാനത്തിൻ്റെയും മുന്നിൽ പോകുന്നത് ആശങ്കയുള്ള കാര്യമാണെന്നതാണ് ഒരു വാദം. അത് ന്യൂനപക്ഷങ്ങളുടെ മുഴുവൻ ഉൽക്കണ്ഠയാണെന്നു കൂടി പറഞ്ഞു വെക്കുന്നു. എങ്കിൽ ഒന്ന് രണ്ട് കാര്യത്തിൽ വിശദീകരണം അത്യാവശ്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ ആദ്യം പരാതിപ്പെടുന്ന ഒരു സംവിധാനം പോലീസ് ആണല്ലോ? അതായത് കേരള പോലീസ്! ജലീൽ എന്ന പേരിൽ കേരള പോലീസിൽ കേസ് കൊടുക്കുന്നതിൽ ജലീലിന് ആശങ്കയുണ്ടോ? ഇനി മാനഹാനി ഉണ്ടായി എന്ന പേരിൽ ഉള്ള കേസാണെങ്കിൽ കോടതിയെ ആണ് സമീപിക്കേണ്ടത്. ഇന്ത്യൻ ജുഡീഷ്യറിക്ക് മുമ്പാകെ ജലീൽ എന്ന പേരിൽ ഒരു നിയമ നടപടിക്ക് ആശങ്കയുണ്ടോ? ഇനി ഈ സംവിധാനങ്ങൾക്കൊക്കെ മുമ്പിൽ ജലീൽ എന്ന പേരിൽ തന്നെ വാദിയായി പോയിട്ടില്ലേ? കേസും കൊടുത്തിട്ടില്ലേ?
തനിക്കെതിരായുള്ള ഭീകരവാദി എന്ന വിളി സമൂഹത്തിൽ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു പെറ്റീഷൻ തയ്യാറാക്കി കേരള പോലീസിൽ നൽകിയാൽ അവർ ഹരജി സ്വീകരിക്കാതിരിക്കുമോ? ഒരു എം. എൽ.എ എന്ന നിലക്കുള്ള പ്രിവിലേജ് ലഭ്യമാവാതെ വരുമോ? സ്വപ്ന സുരേഷിനെതിരായി പരാതി തയ്യാറാക്കിയ അതേ നിയമോപദേശത്തിൽ അതേ കലാപാഹ്വാനം, ഗൂഢാലോചന ഇവയൊക്കെ ഇവിടെയും സാധ്യമല്ലേ? ഇതൊന്നും അറിയാത്ത ആളല്ല ജലീൽ എന്ന് നാട്ടുകാർക്കറിയാം. തന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചതിനെതിരായി ആദ്യം fb യിൽ ഇട്ട പോസ്റ്റിൻ്റെ അത്ര ആവേശം കേസു കൊടുക്കില്ല എന്ന പോസ്റ്റിൽ ഇല്ല. രണ്ടാമത്തെ പോസ്റ്റിൽ ഒന്നരപ്പായയിൽ കവിയാതെ എഴുതിയത് ഒന്നാകെ പണ്ട് തമിഴൻ ചുരുക്കി പറഞ്ഞിട്ടുണ്ട്.
" നെനച്ചാൽ നാൻ പുലിയെ പിടിക്കും ആനാൽ ഉയിരു പോനാലും നെനക്കമാട്ടേൻ". അതല്ലാതെ പേടിച്ചിട്ടല്ല എന്ന് അർത്ഥം. ആദ്യ പോസ്റ്റിൽ , മിന്നൽ മുരളിയിലെ ഡ്യൂപ്ലിക്കേറ്റ് വിളിച്ചു പറഞ്ഞത് പോലെ " നാട്ടാരെ ഓടി വരണെ " ആണെങ്കിൽ രണ്ടാമത്തേതിൽ പാണ്ടിപ്പടയിൽ തമിഴന്മാരുടെ തല്ല് കൊണ്ടിട്ട് ഓടുമ്പോൾ കൊച്ചിൻ ഹനീഫ സഹ ഗുണ്ടകളോട് പറഞ്ഞ ഡയലോഗ് പോലെ ആയി. " ഞാൻ അവരെ തല്ലാനില്ല. എനിക്ക് പണ്ടേ തമിഴന്മാരെ ഇഷ്ടമില്ല" എന്തായാലും ഇപ്പോൾ നമ്മളൊക്കെ ന്യൂനപക്ഷമല്ലേ എന്നൊരു ഡയലോഗ് മാത്രമാണ് ആശ്വാസം .