'ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ ഞാനുണ്ടാകില്ല'; ലീഗ് പ്രവർത്തക സമിതിയിലെ വിമർശനത്തിൽ കെ.എം ഷാജി

''എന്റെ പാർട്ടി എന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല.''

Update: 2022-09-16 04:07 GMT
Editor : Shaheer | By : Web Desk
Advertising

മസ്‌കത്ത്: ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ താനുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ലീഗ് പ്രവർത്തക സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്നും പാർട്ടി തിരുത്തിയാൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം തേടില്ലെന്നും ഷാജി പറഞ്ഞു.

ഒമാനിലെ മസ്‌കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച 'ഉദയം 2022' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി. ''നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാകും. ലീഗ് യോഗത്തിൽ കെ.എം ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. ലീഗിനകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും എനിക്കെതിരെ നടന്നിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്.''-അദ്ദേഹം പറഞ്ഞു

എന്റെ പാർട്ടി എന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. അതുകണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട. എന്റെ ശ്വാസവും ശക്തിയും ധാരണയും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെടുത്തിയതും എന്നെ ഞാനാക്കിയതും ഈ പാർട്ടിയാണ്. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്ന കൂട്ടത്തിൽ ഷാജിയും ലീഗുകാരും ഉണ്ടാകില്ല-ഷാജി വ്യക്തമാക്കി.

''ആളുകളെ കൊല്ലാൻ കൊടുക്കുന്നതും നശിപ്പിക്കുന്നതുമല്ല രാഷ്ട്രീയം. കേരളത്തിലെ പ്രവർത്തകരോട് ബലിദാനികളാകാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. വിഴിഞ്ഞത്തെ സമരത്തെ ഇടതുപക്ഷം പരിഗണിക്കാത്തത് അദാനിയുടെ പോർട്ടായതുകൊണ്ടാണ്. സമരത്തെ മുഖ്യമന്ത്രി അവഗണിക്കുകയാണ്. ലാവ്‌ലിൻ മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി കേസുകളുണ്ട്. അതിലൊന്നും ഇ.ഡിക്കും സി.ബി.ഐക്കും മുന്നിൽ അദ്ദേഹം എത്താത്തത് അവിശുദ്ധ രാഷ്ട്രീയത്തിന്റെ തെളിവാണ്. ഡീസലിന്റെ വില കൂടുമ്പോൾ സന്തോഷിക്കുന്ന രണ്ടുപേരാണുള്ളത്. ഇന്ത്യയുടെ പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയുമാണത്.''

കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. എന്നാൽ, പിണറായി വിജയൻ കെട്ടിപ്പിടിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. സെൽഫി എടുക്കാൻ വന്നവനെ ഒന്നര കി.മീറ്റർ അപ്പുറത്തേക്ക് തട്ടിത്തെറിപ്പിച്ചയാളാണ് പിണറായി. അദ്ദേഹമാണ് മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നത്. അതു വിശ്വസിക്കാൻ ബുദ്ധിമുട്ടില്ല. മലയാളിയുടെ ഒാണാഘോഷത്തിന്റെ നെറുകയിലേക്ക് അമിത് ഷായെ ക്ഷണിക്കാൻ കാണിച്ച വ്യഗ്രത കാണണം. അമിത് ഷാ പങ്കെടുക്കാത്തതുകൊണ്ടു മാത്രമാണ് പിണറായി വിജയൻ നെഹ്‌റു വള്ളംകളി കാണാൻ പോകാതിരുന്നതെന്നും ഷാജി പരിഹസിച്ചു.

കേരളത്തിലെ പിണറായിയും യു.പിയിലെ യോഗി ആദിത്യനാഥും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? വിഴിഞ്ഞം സമരത്തിനു നേതൃത്വം നൽകുന്നത് ലത്തീൻ കത്തോലിക്കരാണ്. അവരാണ് അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ട് അവരുടെ പുരോഹിതർ അടക്കം തെരുവിലിറങ്ങി. ലത്തീൻ കത്തോലിക്കരുടെ പ്രതിഷേധത്തെക്കുറിച്ച് നിങ്ങൾ സമരമെന്നേ പറയൂ. എന്നാൽ, മലബാറിൽ ആവിക്കൽതോട്ട് സമരം നടത്തുന്നവർ മുസ്‌ലിം തീവ്രവാദികളുമാണ് സി.പി.എമ്മിന്. ആവിക്കലിൽ മുസ്‌ലിംകളാണ് ആ പ്ലാന്റിന്റെ ബുദ്ധിമുട്ട് നേരിടുന്നത്. അതിന്റെ പേരിൽ അവർ സമരം ചെയ്യുമ്പോൾ അത് തീവ്രവാദമാകുന്നു. ഗെയിൽ പദ്ധതി മലപ്പുറത്തുകൂടെ പോകുമ്പോൾ നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ അതു തീവ്രവാദമാകുന്നു. മലബാറിലെ സമരങ്ങൾ തീവ്രവാദവും തെക്കോട്ട് ഏതു സമുദായം നടത്തിയാലും അതു സമരവുമാകുന്ന രാഷ്ട്രീയം ഏതാണ്?-അദ്ദേഹം ചോദിച്ചു.

മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉദയം2022 കെ.എം.ഷാജിയുടെ പ്രഭാഷണം

മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉദയം2022 കെ.എം.ഷാജിയുടെ പ്രഭാഷണം

Posted by Inside OMAN on Thursday, September 15, 2022

സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ചെന്നുകണ്ടപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. ആയിഷ റെന്ന, ലദീദ ഫർസാന എന്നീ രണ്ടു പെൺകുട്ടികൾ ഡൽഹി സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. അവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നതിൽ പരാതി നൽകാൻ പോയപ്പോൾ പരിഗണിക്കുകയോ ഒന്ന് ഇരുത്തുകയോ ചെയ്തില്ല. ഷുക്കൂറിന്റെ ഉമ്മയും മൻസൂറിന്റെ ഉമ്മയുമെല്ലാം പോയിട്ടും പരിഗണിച്ചില്ല. എന്നാൽ, തുഷാർ വെള്ളാപ്പള്ളി പെട്ടപ്പോൾ മുഖ്യമന്ത്രിക്ക് പരിമിതിയുമുണ്ടായില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

Summary: "Even if my party corrects me or criticizes me, I will not be upset and seek shelter in the enemy's camp. The warrior's life, struggle and death will be on the battlefield itself'', says Muslim League Kerala state secretary KM Shaji

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News