വന്യമൃഗ ആക്രമണം; നഷ്ടപരിഹാരത്തിന് 25 കോടി, ഏഴ് കോടി ആക്രമണത്തിൽ മരിച്ചവർക്ക്

വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും നഷ്ടപരിഹാരത്തിനുമായി സംസ്ഥാന ബജറ്റില്‍ 25 കോടി നീക്കിവെച്ചു.

Update: 2022-03-11 05:00 GMT
Advertising

വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും നഷ്ടപരിഹാരത്തിനുമായി സംസ്ഥാന ബജറ്റില്‍ 25 കോടി നീക്കിവെച്ചു. ഇതിൽ ഏഴ് കോടി രൂപ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവർക്കാണ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്നതിനായി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്‍റെ മേല്‍നോട്ടച്ചുമതല. ചക്ക ഉത്പനങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മൂല്യവർധിക കാർഷിക മിഷനും അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്‍റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് പുതിയ മാർക്കറ്റിംഗ് കമ്പനി രൂപപ്പെടുത്തും ഇതിനായി 100 കോടി രൂപ വകയിരുത്തി. മൂല്യവർധിത ഉത്പന്ന വിപണനത്തിനും കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ പേപ്പര്‍ ഒഴിവാക്കി ടാബ്‍ലറ്റില്‍ ആണ് ബജറ്റ് അവതരണം.ഒന്‍പത് മണിക്ക് സഭാ നടപടികള്‍ തുടങ്ങുകയും 9 . 08 ന് ബജറ്റ് അവതരണം തുടങ്ങുകയും ചെയ്തു. വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

പുതിയ നികുതി പരിഷ്കാരം ഉൾപ്പെടെ ഈ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നൽകുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നലുണ്ടാകും. കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന ബജറ്റാകുമിതെന്ന് നേരത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.നികുതി പരിഷ്കാരമായിരിക്കും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഭൂനികുതി, മദ്യ നികുതി എന്നിവയിൽ പുതിയ നിർദേശങ്ങൾ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിർദേശം സാമ്പത്തിക വിദഗ്ധർ സർക്കാരിന് നൽകിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കും.ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സിൽവർ ലൈൻ പോലുള്ള പിണറായി സർക്കാരിന്‍റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റിൽ പ്രധാന നിർദേശങ്ങളുണ്ടാകും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News