കൊല്ലത്ത് വിദ്യാർഥിക്ക് ചുമക്കുള്ള മരുന്നിന് പകരം നൽകിയത് ക്ലീനിങ് ലോഷൻ: പരാതി

ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2022-07-04 01:05 GMT
Editor : rishad | By : Web Desk
Advertising

കൊല്ലം: കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം ക്ലീനിങ് ലോഷൻ നൽകിയതായി പരാതി. ശാരീരിക അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരുന്ന് മാറി നൽകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽ കുമാറിനൊപ്പം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയത്. പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയിൽ ചുമയുടെ മരുന്നും വാങ്ങി. വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോൾ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായെന്നാണ് കുടുംബം പറയുന്നത്. തിരികെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ കുട്ടി കുടിച്ചത് ലോഷൻ ആണെന്ന് മനസ്സിലായി. 

ഉടൻ തന്നെ ആഷിഖിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് തന്നെയാണ് ലോഷൻ ലഭിച്ചതെന്ന് ആഷിഖിന്റെ പിതാവ് പറഞ്ഞു.  എന്നാൽ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മരുന്ന് മാറി നൽകാൻ യാതൊരു സാധ്യതയുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തിൽ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News